കൊട്ടിയൂര്‍ കേസിൽ ഇടപെട്ട് സുപ്രീംകോടതി ഗൗരവമുള്ള ആരോപണമെന്ന് സുപ്രീംകോടതി കേസ് ഈമാസം 26ലേക്ക് മാറ്റിവെച്ചു
ദില്ലി: കൊട്ടിയൂര് പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരി അടക്കമുള്ളവര്ക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.
കൊട്ടിയൂര് പീഡന കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ വയനാട് ചൈൽഡ് വെൽഫെയര് കമ്മിറ്റി മുൻ ചെയര്മാൻ ഫാ. ജോസഫ് തേരകവും, സിസ്റ്റര് ബെറ്റിയും നൽകിയ ഹര്ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്ശം. വൈദികൻ റോബിൻ ഉൾപ്പടെയുള്ളവര്ക്കെതിരെ ഉയരുന്ന ആരോപണം അതീവ ഗൗരമായി പരിശോധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ കേസിലെ വിചാരണ സ്റ്റേ ചെയ്യാനാകില്ല. അതേസമയം വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഹര്ജിക്കാരുടെ ഭാഗം പരിശോധിക്കാൻ കോടതി തീരുമാനിച്ചു.
കേസിലെ മുഖ്യ പ്രതിയായ ഫാ. റോബിനെ സഹായിക്കാൻ രേഖകളിൽ തിരിമറി നടത്തിയതാണ് ഫാ. തേരകത്തിനെതിരെയുള്ള കുറ്റം. പീഡനത്തിനിരയായ പെണ്കുട്ടിയെ ശിശുക്ഷേമ സമിതിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 വയസ്സ് എന്നത് 18 വയസ്സാക്കി ഫാ. ജോസഫ് തേരകം എഴുതിച്ചേര്ത്തു. ഇത് നിസാര കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഈമാസം 26ലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു. കേസിൽ മുഖ്യപ്രതിയായ വൈദികൻ വലിയ സ്വാധീനമുള്ള ആളാണെന്ന് സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചു.>
