ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് വീണ്ടും മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടു

ദില്ലി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം ജഡ്ജിയായി നിയമിച്ചതില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും അതൃപ്തി. ഇന്ദു മല്‍ഹോത്രയ്‌ക്ക് പുറമെ മലയാളിയായ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.

കൊളീജിയം രണ്ട് പേരെ ശുപാര്‍ശ ചെയ്തിട്ടും ഒരാളെ മാത്രം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് അതൃപ്തിയുണ്ട്. ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് വീണ്ടും മുതിര്‍ന്ന ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. ഇന്ദു മല്‍ഹോത്രയൊ മാത്രം നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ചീഫ് ജസ്റ്റിസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ജ‍ഡ്ജിമാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജഞ നടത്തരുതെന്ന‌് അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു.

അതേസമയം കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം തള്ളിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഉചിതമായ സമയത്ത് ഇക്കാര്യം പരിഗണിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.