കൊച്ചി: തെരുവുനായ്ക്കളോട് അനുകമ്പയാകാം, എന്നാല്‍ തെരുവ്‌നായ്ക്കള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്ന് സുപ്രീംകോടതി. പതിവ് പല്ലവിയല്ലാതെ തെരുവ്‌നായ്ക്കളെ നേരിടാന്‍ മൃഗസംരക്ഷണ ബോര്‍ഡിന് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് സിരിജഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തെരുവുനായ്ശല്ല്യം മറികടക്കാന്‍ തെരുവ്‌നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയല്ല വേണ്ടതെന്ന് ദേശീയ മൃഗസംരക്ഷണ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ നടപടിക്രമങ്ങള്‍ കോടതിയില്‍ മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുക, പ്രത്യേക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയ പതിവ് പല്ലവിയാണോ മൃഗസംരക്ഷണ ബോര്‍ഡിന്റെ നടപടിക്രമങ്ങളെന്ന് ചോദിച്ച കോടതി, തെരുവുനായ്ക്കളോട് അനുകമ്പയാകാം എന്നാല്‍ അവ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും പറഞ്ഞു.
ഇക്കാര്യത്തില്‍ സന്തുലിതമായ സമീപനമാണ് സ്വീകരിക്കേണ്ടത്. തെരുവ്‌നായ്ക്കളെ കൂട്ടത്തോടെ ഇല്ലാതാക്കുകയാണ് വേണ്ടതെന്ന വാദങ്ങളോട് കോടതി യോജിച്ചില്ല. തെരുവ്‌നായ്ശല്ല്യം മറികടക്കുന്നത് പരിശോധിക്കുന്ന ജസ്റ്റിസ് സിരിജന്‍ സമിതിക്ക് എല്ലാ സൗകര്യങ്ങളും കേരള സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഓര്‍മ്മിപ്പിച്ച കോടതി എപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്ന് ചോദിച്ചു.
റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഒക്ടോബര്‍ 4ന് കേള്‍ക്കാന്‍ മാറ്റിവെച്ചു.
