ദില്ലി: ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നവംബർ 27ന് വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാക്കണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഹാദിയയുടെയും പിതാവിന്റേയും എന്‍.ഐ.എയുടേയും ഭാഗം കോടതി കേൾക്കുമെന്നും ഇതിന് ശേഷം കേസില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ രണ്ട് മണിക്കൂറോളമാണ് ഇന്ന് വാദം നടന്നത്.
കേസ് രഹസ്യമായി പരിഗണിക്കണമെന്ന് ഹാദിയയുടെ അച്ഛന്‍ വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കേസ് തുറന്നകോടതിയിൽ വാദം കേൾക്കുമെന്നും ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്നേഹിച്ച് വിവാഹം കഴിക്കരുതെന്ന് കോടതിക്ക് ആരോടും പറയാനാവില്ല. സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതിക്ക് തീരുമാനമെടുക്കാനും കഴിയില്ല. കുറ്റവാളിയെ വിവാഹം കഴിച്ചാൽ പോലും അത് നിയമപരമായി തടയാൻ കോടതിക്കാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവമല്ലെന്ന് എൻ.ഐ.എ ഇന്ന് കോടതിയെ അറിയിച്ചു. 'സൈക്കോളജിക്കൽ കിഡ്നാപ്പിങ്' ആണ് നടന്നതെന്നായിരുന്നു എന്‍.ഐ.എ വാദിച്ചത്. രാജ്യത്ത് പലയിടത്തും 90ഓളം കേസുകള്‍ ഇത്തരത്തില്‍ ഉണ്ടെന്നും എന്‍.ഐ.എ വാദിച്ചു. എന്നാല്‍ അന്വേഷണവും വിവാഹം വേറെവേറെ കാര്യങ്ങളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരെ നിരവധി ആരോപണങ്ങളും ഇന്ന് കോടതിയില്‍ അശോകന്റെ അഭിഭാഷകന്‍ ഉന്നയിച്ചു. ഐ.എസ് ബന്ധമുള്ള വ്യക്തിയുമായി ഷെഫിന് ബന്ധമുണ്ടെന്നും കോടതിയില്‍ അശോകന്‍ ആരോപിച്ചു. എന്നാല്‍ ഇതെല്ലാം അര്‍ത്ഥമില്ലാത്ത കാര്യങ്ങളാണെന്നായിരുന്നു കോടതി പറഞ്ഞത്. കേസും അന്വേഷണവും വേറെ കാര്യങ്ങളാണെന്നും വിവാഹവുമായി അതിന് ബന്ധമില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ കക്ഷി ചേരാനായി അപേക്ഷ നല്‍കിയ തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മയോടും, ഇപ്പോള്‍ ഈ കേസില്‍ നിങ്ങളുടെ ആവശ്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. ഹാദിയയുടെ കാര്യത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അനുമതി ചോദിച്ചെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നും ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കട്ടെയെന്നുമായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
