യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി പറഞ്ഞു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിലവിലെ രഥയാത്രയുടെ രൂപരേഖ പരിഷ്ക്കരിച്ചാൽ പിന്നീട് പരിഗണിക്കാം എന്ന് കോടതി അറിയിച്ചു. യോഗങ്ങളും റാലികളും സംഘടിപ്പിക്കുന്നതിൽ തടസ്സമില്ലെന്നും കോടതി പറഞ്ഞു.

കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ സമീപിച്ചത്. ബംഗാളിൽ മൂന്ന് രഥയാത്രകൾ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ബിജെപിക്ക് അനുമതി നൽകിയിരുന്നു.

എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് അനുമതി തേടി ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. രഥയാത്ര പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അനുവാദം നല്‍കാത്തതെന്നാണ് ബിജെപി വാദം.