രാജ്യത്ത് നിന്ന് കൊതുകുകളെ തുരത്താന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് സുപ്രീം കോടതി. കൊതുകുകളെ ഇല്ലാതാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. എല്ലാ വീടുകളിലും പോയി കൊതുകില്ലെന്ന് ഉറപ്പ് വരുത്താനാകില്ലെന്നും കോടതി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കൊതുകുകളെ തുരത്താന്‍ ഭരണാധികാരികളോട് നിര്‍ദ്ദേശിക്കണെമെന്നാവശ്യപ്പെട്ട് ധനേഷ് ലെഷ്ധാന്‍ എന്നയാളാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന് മുമ്പാകെ എത്തിയത്. ലോകത്തിലെ ഏറ്റവും മാരക ജീവിയാണ് കൊതുകെന്നും ഇന്ത്യയില്‍ നിന്ന് ഇവയെ തുടച്ച് നീക്കാന്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ കൊതുകുകള്‍ കാരണം 7,25,5000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്കും കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചു. പക്ഷെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെ‍ഞ്ചിന്റെ നിലപാട് ചര്‍ച്ചയായി. 

ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യത്തി‍നായി കോടതിയെ സമീപിക്കരുതെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. കൊതുകുകളെ രാജ്യത്ത് നിന്ന് ഇല്ലാതാക്കണമെന്ന് ബന്ധപ്പെട്ടവരോട് ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ല. ഓരോ പൗരന്റെയും വീടുകളില്‍ കയറി കൊതുകില്ല എന്ന് ഉറപ്പ് വരുത്താന്‍ സാധിക്കുമോ എന്ന് കോടതി ചോദിച്ചു. കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ദില്ലി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഫലപ്രദമല്ല എന്നതുകൊണ്ടാണ് കോടതിയിലെത്തിയതെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. എന്തായാലും കോടതിയുടെ നിലപാട് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ നഗരസഭകള്‍ ആയുധമാക്കില്ലെന്ന പ്രതീക്ഷിക്കാം.