കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റുകളിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലെയും പ്രവേശനമാണ് ഇന്നലെ സുപ്രീം കോടതി റദ്ദാക്കിയത്. തങ്ങളുടെ രേഖകള്‍ ഒരിക്കല്‍ കൂടി പരിശോധിച്ച് ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ മെഡിക്കല്‍ കോളേജാണ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് ഇന്ന് കോടതിയില്‍ ഹാജരായത്. എന്നാല്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രവേശനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഉത്തരവില്‍ ഒരു മാറ്റവും വരുത്താനാവില്ല. ഈ വര്‍ഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന് കബില്‍ സിബല്‍ ആവശ്യപ്പെട്ടു. വേണമെങ്കില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാമെന്നും എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.