ന്യൂഡല്‍ഹി: സ്വകാര്യത ഒരു പൗരന്‍റെ മൗലിക അവകാശം തന്നെയാണ് സുപ്രീംകോടതി വിധിച്ചു. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നും ചരിത്രവിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് ഏകകണ്ഠേനയാണ് സ്വകാര്യ കേസിൽ വിധിപറഞ്ഞത്.

സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണ അവകാശമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യത. ഭരണഘടന ഒരു പൗരന് നൽകുന്ന മൗലിക അവകാശം തന്നെയാണ് സ്വകാര്യതയെന്നും 547 പേജുള്ള വിധിയിലൂടെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ അദ്ധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ആധാര്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് സ്വകാര്യത മൗലിക അവകാശമാണെന്നും അല്ലെന്നുമുള്ള വാദങ്ങൾ കോടതിക്ക് മുമ്പിലെത്തിയത്.

സ്വകാര്യത മൗലിക അവകാശമല്ലെന്ന് 1954ൽ എ.സി.ശര്‍മ്മ കേസിലും, 1962ൽ കരക്സിംഗ് കേസിലും സുപ്രീംകോടതി ഭരണഘടന ബെഞ്ചുകൾ വ്യക്തമാക്കിയിരുന്നു. സ്വകാര്യത അവകാശം വ്യക്തമായി പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതോടെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിൽ ഒമ്പതംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. കേസ് വിശദമായി കേട്ട കോടതി 1954ലെയും 62ലെയും വിധികളെ മറികടന്നുകൊണ്ടാണ് ചരിത്ര വിധി പുറപ്പെടുവിച്ചത്.

സ്വകാര്യ മൗലിക അവകാശമല്ല എന്ന വാദമാണ് കേസിൽ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണ അവകാശമായി കണക്കാക്കാൻ ആകില്ലെന്നും കേന്ദ്രം വാദിച്ചിരുന്നു. ആ വാദങ്ങളെല്ലാം കോടതി തള്ളി. സ്വകാര്യത മൗലിക അവകാശമാമെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ച വാദങ്ങൾക്ക് കോടതിയുടെ അംഗീകാരം കിട്ടി.