ദില്ലി:വാതുവെപ്പ് കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീശാന്ത് നൽകിയ ഹർജിയിൽ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ശ്രീശാന്ത് വാതുവെപ്പ് നടത്തി പണം വാങ്ങിയതിന് വ്യക്തമായ രേഖകളുണ്ടെന്നും ശ്രീശാന്തിന്‍റെ ഹര്ജി തള്ളണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു. ഉന്നത നീതി പീഠത്തിൽ നിന്ന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു.

വാതുവെപ്പുകാരില്‍ നിന്ന് ഏഴ് ലക്ഷം രൂപ വാങ്ങാനും അതില് മൂന്ന് ലക്ഷം രൂപ തനിക്കും നാല് ലക്ഷം രൂപ ജിജു ജനാര്‍ദനുമാണെന്ന് ശ്രീശാന്ത് ഫോണിലൂടെ പറയുന്നതിന്‍റെ രേഖകളുണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ ബിസിസിഐ വാദിച്ചു. വാതുവെപ്പിന് തെളിവാണ് പാന്‍റില്‍ ശ്രീശാന്ത് സൂക്ഷിച്ച തുവാലയെന്നും ബിസിസിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ അത്തരം വാദങ്ങളിലേക്ക് പിന്നീട് കടക്കാമെന്ന് അറിയിച്ച കോടതി ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ ബിസിസിഐക്കും കേരള ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയുടെ ചുമതലയുള്ള ഭരണസമിതിയുടെ അദ്ധ്യക്ഷനായ വിനോദ് റായിക്കും നോട്ടീസ് അയച്ചു. കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തും കോടതിയില് എത്തിയിരുന്നു.


ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ നേരത്തെ ദില്ലി പട്യാല ഹൗസ് കോടതി കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാ ബിസിസിഐ തയ്യാറായില്ല. ഇത് ചോദ്യം ചെയ്ത് ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ബിസിസിഐയുടെ വിലക്ക് നീക്കി. എന്നാല് ബിസിസിഐ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെയാണ് ശ്രീശാന്ത് സുപ്രീംകോടതിയിലെത്തിയത്.