സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിച്ചതിനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണ്ണനെതിരായ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടി. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും വിധി പുറപ്പെടുവിക്കുന്നതിനും അടക്കമുള്ള ജുഡീഷ്യല്‍ അധികാരങ്ങള്‍ ജസ്റ്റിസ് കര്‍ണനില്‍ നിന്ന് സുപ്രീംകോടതി എടുത്തുകളഞ്ഞു. ചീഫ് ജസ്റ്റിസ് ജെ എസ് കേഹാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണ്ണന് എതിരെ സ്വമേധയാ നടപടി സ്വീകരിച്ചത്. 

ജസ്റ്റിസ് കര്‍ണന് നോട്ടീസ് അയച്ച കോടതി കേസ് പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച്ച കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. മാനോനില തെറ്റിയിരുന്ന താന്‍ പുറപ്പെടുവിച്ച വിധികളും തെറ്റായിരുന്നുവെന്ന ജസ്റ്റിസ് കര്‍ണന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് വിധികളുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 

ജസ്റ്റിസ് കര്‍ണനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കി ആരോപണങ്ങള്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അന്തസിന് കളങ്കമുണ്ടാക്കുന്നതുമാണെന്ന് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന് ശേഷം ചില ജഡ്ജിമാരില്‍ നിന്ന് കള്ളപ്പണം പിടികൂടിയിട്ടുണ്ടെന്നും 20ഓളം ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നുമായിരുന്നു ജസ്റ്റിസ് കര്‍ണന്റെ വിവാദ പരാമര്‍ശം. 

ദളിതനായതിനാല്‍ തനിക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ വിവേചനപരായി നടപടിയെടുക്കുകയാണെന്നും ജസ്റ്റിസ് സി എസ് കര്‍ണന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ കത്തയക്കുകയും ചെയ്തിരുന്നു. 

മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ കൊളീജിയം ഉത്തരവ് സ്വമേധയാ സ്‌റ്റേ ചെയ്തതിനെതിരായ കേസ് പരിഗണനയിലിരിക്കേയാണ് ജസ്റ്റിസ് കര്‍ണനെതിരായ കോടതിയലക്ഷ്യ നടപടി. കേസില്‍ ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാല്‍ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടേണ്ടിവരും.