ദില്ലി: മുത്തലാഖിനെക്കുറിച്ച് ഖുറാനില്‍ എവിടെയാണ് പരാമര്‍ശിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി. മുത്തലാഖ് കേസ് പരിഗണിക്കവേ ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. മുത്തലാഖ് മുസ്ലീം സമുദായത്തിലെ ശക്തരായ പുരുഷന്മാരും ദുര്‍ബലരായ സ്‌ത്രീകളും തമ്മിലുള്ള പോരാട്ടമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
അതേസമയം, ഒറ്റയടിക്കുള്ള മുത്തലാഖിനെ തള്ളി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി. മുത്തലാഖ് പാപമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. മുത്തലാഖ് പറ്റില്ലെന്ന് തീരുമാനിക്കാന്‍ സ്‌ത്രീകള്‍ക്ക് അവകാശം നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു. വിവാഹ കരാറില്‍ അത് ഉള്‍പ്പെടുത്തിക്കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.
മുസ്ലീം സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സര്‍ക്കാര്‍ തടയണമെന്നും മതത്തില്‍ ഇടപെടാതെ നടപടിയെടുക്കണമെന്നും ജമാ അത്തേ ഇസ്ലാമി ഹിന്ദ് കോടതിയില്‍ വ്യക്തമാക്കി. ഇതിനെ ഭൂരിപക്ഷ-ന്യൂനപക്ഷ ഏറ്റുമുട്ടലായി കാണരുതെന്ന് കേന്ദ്രം അറിയിച്ചു. മുത്തലാഖ് ശക്തരായ പുരുഷന്മാരുടെയും ദുര്‍ബലരായ സ്‌ത്രീകളുടെയും പോരാട്ടമാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
സതി, ദേവദാസി, തൊട്ടുകൂടായ്മ എന്നീ അനാചാരങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചപ്പോള്‍ അത് കോടതിയല്ല, പാര്‍ലമെന്റാണ് തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ വാദം കോടതിയില്‍ പൂര്‍ത്തിയായി.
