ദില്ലി: ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേസിൽ ഹാദിയയുടെ ഭാഗം കേൾക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. അതേസമയം കോടതിയുടെ അനുമതിയില്ലാതെ കേസിൽ എൻ.ഐ.എ നടത്തിയ അന്വേഷണം ചോദ്യം ചെയ്ത് കോടതിയലക്ഷ്യ ഹര്‍ജി നൽകാനും ഷെഫിൻ ജഹാൻ നീക്കം തുടങ്ങി.

ഹാദിയ കേസിൽ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും, ഒപ്പം സമാനമായ സംഭവങ്ങളിലെ അന്വേഷണ വിവരങ്ങളുമാണ് സീൽ വെച്ച കവറിൽ എൻ.ഐ.എ സുപ്രീംകോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയുടെ മതപരിവര്‍ത്തനം ഉൾപ്പടെയുള്ള വിഷയങ്ങളിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ എൻ.ഐ.എ ആവശ്യപ്പെടും. റിട്ട. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ നേരത്തെ എൻ.ഐ.എക്ക് കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് പിന്മാറിയ ജസ്റ്റിസ് രവീന്ദ്രന് പകരം പുതിയ റിട്ട. ജഡ്ജിയെ നിയമിക്കുന്നതിന് മുമ്പുതന്നെ കേസിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചത് തെറ്റാണെന്ന് ഷെഫിൻ ജഹാൻ ചൂണ്ടിക്കാട്ടുന്നു. 

Add Asianetnews as a Preferred SourcegooglePreferred

റിട്ട. ജഡ്ജിയുടെ മേൽനോട്ടമില്ലാതെ കേസ് അന്വേഷിച്ചത് കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യഹര്‍ജി നൽകാനും ഷെഫിൻ ജഹാൻ ആലോചിക്കുന്നുണ്ട്. കൂടാതെ ഹാദിയയുടെ മാനസികാരോഗ്യ നില പരിശോധിക്കാൻ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കണമെന്നും, കേസിൽ തീര്‍പ്പുണ്ടാകുന്നതുവരെ ഹാദിയയെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ആവശ്യപ്പെടും. ഇതൊടൊപ്പം വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയുടെ നിയമസാധുത പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഹാദിയയുടെ ഭാഗം കേൾക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.