റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യുഎസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശ അക്കൗണ്ടുകളില്‍ നിന്ന് പണം വന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രിപ്റ്റോകറന്‍സിയും വിദേശ ബാങ്കുകളും വഴിയാണ് പണം നല്‍കിയത്.
വാഷിംഗ്ടണ്‍: തൊഴില്‍ വെബ്‌സെറ്റുകളുടെ മറവില്‍ ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചാരന്‍മാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, നിരവധി വൈബ്‌സൈറ്റുകള്‍ എഫ്ബിഐ പിടിച്ചെടുത്തു. യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ചൈനീസ് ഏജന്റുമാര്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഡസനിലധികം വെബ്സൈറ്റുകളാണ് പൂട്ടിയത്.
വ്യാജ കണ്‍സള്‍ട്ടിംഗ് കമ്പനികളുടെ മറവില്‍ യുഎസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യാന്‍ ഈ വെബ്സൈറ്റുകള്‍ ഉപയോഗിച്ചതായി എഫ് ബി ഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനവും രഹസ്യസ്വഭാവമുള്ളതുമായ വിവരങ്ങള്‍ പണം നല്‍കി കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്നും എഫ് ബി ഐ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ അഫയേഴ്സ് അനലിസ്റ്റ്‌സ് (റിമോട്ട്), ഡിഫന്‍സ് അനലിസ്റ്റ്, മുന്‍ സൈനികര്‍ക്കുള്ള ജോലികള്‍ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കും കണ്‍സള്‍ട്ടിംഗ് തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള പരസ്യങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ ഉണ്ടായിരുന്നതായി എഫ് ബി ഐ വ്യക്തമാക്കി.
ഈ വെബ്സൈറ്റുകള്‍ വഴി റിക്രൂട്ട് ചെയ്യപ്പെട്ട, പേര് വെളിപ്പെടുത്താത്ത ഏഴുപേരുടെ വിവരങ്ങള്‍ സത്യവാങ്മൂലത്തിലുണ്ട്. ചൈന-യുഎസ് ബന്ധം, ഇറാന്‍, ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഇവരില്‍നിന്നും പ്രബന്ധങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്കയുടെ തന്ത്രപ്രധാനമായ ആഭ്യന്തര വിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതിനുപിന്നില്‍ വിദേശികളാണെന്ന് എഫ് ബി ഐ വ്യക്തമാക്കുന്നു. ഇവര്‍ അറിഞ്ഞോ അറിയാതെയോ ചൈനീസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചൈനീസ് സര്‍ക്കാര്‍ ബന്ധം ഈ വെബ്സൈറ്റുകളുടെ നടത്തിപ്പുകാര്‍ നിഷേധിച്ചതായും യുഎസ് നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ യുഎസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശ അക്കൗണ്ടുകളില്‍ നിന്ന് പണം വന്നതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ക്രിപ്റ്റോകറന്‍സിയും വിദേശ ബാങ്കുകളും വഴിയാണ് പണം നല്‍കിയത്. എന്നാല്‍, രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യം എഫ്ബിഐ വ്യക്തമാക്കിയില്ല.
വിദേശ ശക്തികള്‍ ഫെഡറല്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി കഴിഞ്ഞ വര്‍ഷം യുഎസ് നേവല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഏജന്‍സികളില്‍ വന്‍തോതില്‍ പിരിച്ചുവിടല്‍ നടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതികളെ മുതലെടുക്കുകയാണ് വിദേശ ഏജന്‍സികള്‍ എന്നാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ചൈനീസ് സര്‍ക്കാരിന് താല്‍പ്പര്യമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ പരസ്യങ്ങള്‍ വഴി, ലിങ്ക്ഡ്ഇന്‍, അപ്വര്‍ക്ക് തുടങ്ങിയ തൊഴില്‍ വെബ്സൈറ്റുകളിലൂടെയാണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് എഫ്ബിഐ പറയുന്നു. വിദേശത്തുള്ള യഥാര്‍ത്ഥ കമ്പനികളില്‍ നിന്നുള്ള വിവരങ്ങളും ഫോട്ടോകളും പകര്‍ത്തുകയും ഈ തട്ടിപ്പ് വെബ്സൈറ്റുകളില്‍ ഉപയോഗിക്കുകയും ചെയ്തതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു. ലിങ്ക്ഡ്ഇനില്‍ ഒരു കമ്പനി പ്രൊഫൈല്‍ സൃഷ്ടിക്കാനും ജോലി പരസ്യം പോസ്റ്റ് ചെയ്യാനും ജോലി ചെയ്യാന്‍ തയ്യാറാണ് എന്ന് സൂചിപ്പിക്കുന്ന ഫെഡറല്‍ ജീവനക്കാരെ തിരയാനും ഒരു വിദേശ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ഒരു ഏജന്റിന് നിര്‍ദ്ദേശം നല്‍കിയതായും രേഖയില്‍ പറയുന്നു.
ചാരപ്പണി നടത്താന്‍ ആളെത്തേടി ചൈനീസ് ചാരന്‍മാര്‍ ഓണ്‍ലൈന്‍ തൊഴില്‍ പ്ലാറ്റ്‌ഫോമുകള്‍ കയറിയിറങ്ങുന്നതായി യു.എസ്, ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളടങ്ങിയ 'ഫൈവ് ഐസ്' എന്ന കൂട്ടായ്മയിലെ ആഭ്യന്തര സുരക്ഷാ ഏജന്‍സികള്‍ ഇക്കഴിഞ്ഞ ദിവസം സംയുക്തമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുടെ മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസസ് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സര്‍വീസുകളും കയറിയിറങ്ങി ആളുകളെ തിരയുന്നതായായിരുന്നു മുന്നറിയിപ്പ്. സൈനിക, രാഷ്ട്രീയ, സാമ്പത്തിക രഹസ്യവിവരങ്ങള്‍ കൈക്കലാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് സംയുക്ത ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എഫ്ബിഐയുടെ നടപടി വന്നത്.


