ദില്ലിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ല, ലഫ്. ഗവര്‍ണര്‍ക്ക് പരമാധികാരമില്ല: സുപ്രിം കോടതി

ദില്ലി: പൂർണ സംസ്ഥാനപദവി വേണമെന്ന ഹർജിയിൽ ദില്ലിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ വിധി പ്രസ്താവം. അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനന്‍റ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. ഗവർണർക്ക് തുല്യമല്ല ലഫ്. ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലഫ്റ്റനന്‍റ് ഗവർണർ പരമാധികാരിയല്ല. ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ പരിമിതമാണ്. തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണം. മന്ത്രിസഭയുടെ ഉപദേശപ്രകാരം ലഫ്. ഗവണർ പ്രവർത്തിക്കണം. സർക്കാരും ലഫ്. ഗവർണറും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞു.

അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് വേണ്ടിയാണ് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവിച്ചത്. ജസ്റ്റിസ് എഎസ് സിക്രി, ജസ്റ്റിസ് എഎം ഖന്‍വീല്‍ക്കര്‍ എന്നിവരുടെയും സ്വന്തം വിധി പ്രസ്താവവും ദീപക് മിശ്ര വായിച്ചു. മൂന്ന് വിധി പ്രസ്താവങ്ങളായാണ് കേസില്‍ സുപ്രിം കോടതി വിധി പറയുന്നത്. 

രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിന്‍റെ വിധിയോട് എതിര്‍പ്പ് രേഖപ്പെടുത്താതെ ലഫ്. ഗവർണറുടെ അനുവാദം എല്ലാ കാര്യത്തിലും വേണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഢ് വിധി പറഞ്ഞത്. ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി ദില്ലി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ചന്ദ്രചൂഢിന്‍റെ വിധിയില്‍ പറയുന്നു. 

ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ദില്ലി സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്.

രാജ്യതലസ്ഥാനത്തിന് മേല്‍ ദില്ലി സര്‍ക്കാറിന് പൂര്‍ണ്ണ അധികാരം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചത്. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്‍ക്കാര്‍ സമരം നടത്തിവരികയാണ്.

വിധി ഇങ്ങനെ...

  1. അഞ്ചംഗ ബഞ്ചിൽ 3 പ്രസ്താവങ്ങളായാണ് വിധി
  2. ഡൽഹിക്ക് പൂർണ്ണ സംസ്ഥാന പദവി ഇല്ല
  3. ഡൽഹിയുടെ ഭരണത്തവൻ ലഫ്റ്റന്‍റ് ഗവര്‍ണര്‍ ആണെന്ന കാര്യത്തിൽ ഏക അഭിപ്രായം
  4. എന്നാൽ ഗവർണറുടെ അധികാര വിനിയോഗത്തിൽ നിയന്ത്രണങ്ങൾ 
  5. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വിശ്വാസത്തിലെടുത്തു മുന്നോട്ടുപോകണം
  6. എല്ലാ ഫയലുകളും രാഷ്ട്രപതിക്ക് അയക്കേണ്ട കാര്യമില്ല
  7. കൂട്ടുത്തരവാദിത്തം ആണുള്ളത്, സർക്കാർ നയങ്ങളെയും തീരുമാനങ്ങളെയും ഗവർണർ തടയരുത്
  8. ഗവർണർക്കു സ്വതന്ത്രമായ അധികാരങ്ങൾ ഇല്ല
  9. മന്ത്രിസഭയുടെ നിർദേശങ്ങൾ ഗവർണർ പരിഗണിക്കണം
  10. ആര്‍ട്ടിക്കിള്‍ 239 എ നൽകിയ അധികാരം ഉപയോഗിക്കുമ്പോൾ ജനതാത്പര്യത്തിനു മുൻതൂക്കം നൽകണം
  11. സർക്കാരും ഗവർണറും നിരന്തരം ഏറ്റുമുട്ടുന്നത് അരാജകത്വത്തിലേക്കു നയിക്കും