സുപ്രീം കോടതി വിധി കേന്ദ്രത്തിന് തിരിച്ചടി കെജ്രിവാളിന് സ്വന്തം പദ്ധതിയുമായി മുന്നോട്ടു പോകാം ഫെഡറൽ മുന്നണി ചർച്ചകളും സജീവമാകും ജനാധിപത്യത്തിൻറെ വിജയമെന്ന് കെജ്രിവാൾ
ദില്ലി: ലഫ്റ്റനന്‍റ് ഗവർണറിലൂടെ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ പിടിച്ചു കെട്ടിയ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായി ഇന്നത്തെ സുപ്രീം കോടതി വിധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്പ് സ്വന്തം പദ്ധതികൾ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കെജ്രിവാളിനു കിട്ടുകയാണ്. ഫെഡറൽ മുന്നണിക്കുള്ള മമതാ ബാനർജിയുടെ നീക്കത്തിനും വിധി ബലം പകരും.
ദില്ലിയിലെ തെരഞ്ഞെടുത്ത സർക്കാരിന് എല്ലാ തീരുമാനങ്ങൾക്കും ലഫ്റ്റനൻറ് ഗവർണ്ണറുടെ അനുമതിക്കായി കാക്കേണ്ടതില്ല... പരമാധികാരം ഉണ്ടെന്ന് ആരും ധരിക്കേണ്ട. ദില്ലി ലഫ്റ്റനൻറ് ഗവർണ്ണർക്കുള്ള സുപ്രീം കോടതിയുടെ ഈ സന്ദേശം കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനുള്ള താക്കീതു കൂടിയാണ്. അനിൽ ബൈജാലിലൂടെ ദില്ലി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് കേന്ദ്ര സർക്കാരാണെന്നത് പരസ്യമായ രഹസ്യം.
ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാരിനാണ് പരമാധികാരം എന്നു ചൂണ്ടിക്കാട്ടി ദില്ലിയിൽ കേന്ദ്രത്തിന്‍റെ അനാവശ്യം ഇടപെടലിന് കോടതി തടയിടുന്നു. പൊലീസ്, ഭൂമി, പൊതുക്രമം എന്നിവയിൽ കേന്ദ്ര അധികാരം മാനിക്കാൻ കെജ്രിവാളിനും ഉപദേശമുണ്ട്. എന്നാൽ ലോക്പാൽ, മൊഹല്ല ക്ലിനിക്കുകൾ, വാതിൽപ്പടിയിൽ റേഷൻ തുടങ്ങിയ പദ്ധതികളുമായി കെജ്രിവാളിന് മുന്നോട്ടു പോകാം.
20 എംഎൽഎമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ ഇത് കേന്ദ്രത്തിനു മേൽ മറ്റൊരു വിജയം. ജനാധിപത്യത്തിൻറെ വിജയം എന്നു പ്രഖ്യാപിച്ച അരവിന്ദ് കെജ്രിവാളിനും ആംആദ്മി പാർട്ടിക്കും ആത്മവിശ്വാസത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാം.
ലഫ്റ്റനന്‍റ് ഗവർണർക്കും മുഖ്യമന്ത്രിക്കും ഇടയിൽ തർക്കം തുടരുന്ന പുതുച്ചേരിയിലും ഈ വിധി പ്രത്യാഘാതം ഉണ്ടാക്കും. കോൺഗ്രസ് മാറിനിന്നപ്പോഴും കെജ്രിവാളിന്‍റെ ധർണയെ പിന്താങ്ങിയ മമതാ ബാനർജിക്ക് പ്രാദേശിക പാർട്ടി മേധാവിത്വമുള്ള സഖ്യത്തിനായി നീക്കം തുടരാം.
സുപ്രീം കോടതി വിധിയിലെ പഴുതുകൾ ഉപയോഗിക്കാനുള്ള നീക്കം കേന്ദ്രം തുടരും. എന്നാൽ അനാവശ്യ തടസങ്ങൾക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഇടം ഇതിലൂടെ കെജ്രിവാളിന് കിട്ടുകയാണ്.
