ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. കേസിൽ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തിനല്‍കുമെന്ന് വാദം കേൾക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.
ദില്ലി: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചനയില്‍ അന്വേഷണം വേണമെന്ന നമ്പിനാരായണന്‍റെ ആവശ്യത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാറും ,നമ്പിനാരായണനും ചേര്‍ന്ന് മാലി സ്വദേശികളായ മരിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം.
പിന്നാലെ 1994 നവന്പര്‍ 30ന് നമ്പിനാരായണന്‍ അറസ്റ്റ് ചെയ്യപ്പെടുന്നു. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുസും സംഘവും സംഭവത്തില്‍ കഴമ്പുണ്ടെന്ന് വരുത്തിയെങ്കിലും സിബിഐ അന്വേഷണത്തില്‍ കേസ് കെട്ടി ചമച്ചതാണെന്ന് കണ്ടെത്തി.തുടര്‍ന്ന് നമ്പിനാരായണന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
എന്നാല്‍ കേരള സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് 2012 സെപ്റ്റംബര്‍ 7ന് കേരള ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തു. എന്നാൽ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. 18 വര്‍ഷങ്ങള്‍ നീണ്ട നീതി തേടിയുള്ള യുദ്ധം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
