പെണ്‍കുട്ടിയെയുംഅമ്മയെയും വിലക്ക് വാങ്ങിയതെന്ന് പൊലീസ്

അഹമ്മദാബാദ്: സൂറത്തില്‍ 86 മുറിവുകളുമായി 11 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും അമ്മയെയും പ്രതി 35000 രൂപയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലിക്കായി വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 

സംഭവത്തില്‍ ഹര്‍ഷ്സായി ഗൂജര്‍ എന്നയാളെ പൊലീസ് പിടികൂടിയിരുന്നു. രാജസ്ഥാനിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. കൂടാതെ ഹര്‍ഷ്സായിയുടെ സഹോദരങ്ങളായ ഹര്‍സിംഗ്, നരേഷ്, അമര്‍സിംഗ് ഗുജ്ജര്‍ എന്നിവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

ഹര്‍സായിയും ഹര്‍സിംഗും സൂറത്തിലെ മാര്‍ബിള്‍ തൊഴിലാളി കരാറുകാരാണ്. നരേഷും അമര്‍സിംഗുമാണ് ഇവര്‍ക്കുവേണ്ടി ജോലി ചെയ്യുന്നത്. ഗംഗാപൂരില്‍നിന്ന് മാര്‍ച്ച് 15നാണ് ഹര്‍സായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും വിധവയായ അമ്മയെയും 35000 രൂപ നല്‍കി വാങ്ങുന്നത്. 

തുടര്‍ന്ന് ഇവരുടെ ഗോഡൗണില്‍ വച്ച്വ അമ്മയെയും 11 കാരി മകളെയും പീഡ‍ിപ്പിച്ച് വരികയായിരുന്നു ഇയാള്‍. ഇതിനെ എതിര്‍ത്ത അമ്മയെ ഇയാള്‍ കൊന്നു. മാര്‍ച്ച് 20 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ തുടര്‍ച്ചായായി പീഡിപ്പിച്ച ഇയാള്‍ ഏപ്രില്‍ അഞ്ചിന് അവളെയും കൊല്ലുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ജിയാവ് - ബുദിയ റോഡില്‍ ഉപേക്ഷിച്ചു. വീട്ടില്‍ തിരിച്ചെത്തിയ ഹര്‍ഷ്സായിയോട് കുട്ടി എവിടെ എന്ന് അന്വേൽിച്ച നരേഷിനെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കാര്‍ തിരിച്ചറിയുകയും ഇതിന്‍റെ ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു. 

ഏപ്രില്‍ 10നാണ് പെൺകുട്ടിയുടെ മൃതദേഹം സൂറത്തിലെ പന്തേസരയിലെ റോഡരികിൽ നിന്നും കണ്ടെത്തിയത്. എട്ട് ദിവസത്തോളം പീഡിപ്പിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടേ 86 മുറിവുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ പീഢനത്തിന് കുട്ടി ഇരയായതായി സൂറത്തിലെ സിവിൽ ആശുപത്രിയിലെ ഡോക്ടർമാർ വൃക്തമാക്കി.