കൊച്ചി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം അന്വേഷണ റിപ്പോര്‍ട്ടിന്‍റെ സത്യസന്ധത പരിശോധിക്കണമെന്ന് ബി.ജെ.പി എംപിയും നടനുമായ സുരേഷ് ഗോപി. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ മാത്രമേ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നും ഉണ്ടാകുകയുള്ളു.
ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്നോ ഇല്ലെന്നോ പറയാനില്ലെന്നും അതെന്താണെങ്കിലും തെളിയിക്കപ്പെടട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ നേതാക്കാള്‍ കുടുങ്ങിയിട്ടുണ്ടേ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടേ തുടങ്ങിയ കാര്യങ്ങള്‍ അവലോകനം ചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി വിരുദ്ധത മുഖമുദ്രയാക്കി അധികാരത്തിലേറിയ ബി.ജെ.പിക്ക് കേരളത്തില്‍ നിന്നു തന്നെ ആരോപണം നേരിടേണ്ടിവന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത്തരം ചോദ്യങ്ങള്‍ കൊണ്ട് തന്നെ കുടുക്കാനാവില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
എവിടെയാണ് അഴിമതിയും ആരോപണങ്ങളും ഇല്ലാത്തതെന്നും അതില്‍ എത്രയെണ്ണം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. എന്തൊക്ക തന്നെ സംഭവിച്ചാലും ജനഹിതം തന്നെയേ നടക്കുകയുള്ളു എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
