ഇന്ത്യ കഴിഞ്ഞ വ്യാഴാഴ്ച നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ നടത്തിയ മിന്നലാക്രമണത്തിന്‍റെ വിശദാംശം അഞ്ചു ദൃക്സാക്ഷികൾ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോടാണ് വെളിപ്പെടുത്തിയത്. ഇന്ത്യയിലുള്ള ബന്ധുക്കൾ മുഖേനയാണ് ഈ ദൃക്സാക്ഷികളുമായി പത്രം സംസാരിച്ചത്.
ദുദ്നിയാലിൽ ഇന്ത്യൻ സേന ശക്തമായ ആക്രമണം നടത്തിയെന്നും ഭീകരക്യാമ്പുകളും ഒരു പാക് സൈനിക പോസ്റ്റും തകർന്നെന്നും രണ്ടു ദൃക്സാക്ഷികൾ പറഞ്ഞു. ഖൈറത്തിബാഗിൽ ഭീകരർ ഒളിച്ചിരുന്ന ഒരു മൂന്നു നില കെട്ടിടം തകർത്തത് കണ്ടെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു. ചൽഹാനയിൽ ഒരു ട്രക്കിൽ അഞ്ചാ ആറോ ഭീകരരുടെ മൃതദ്ദേഹം കൊണ്ടു പോകുന്നത് നാട്ടുകാർ കണ്ടു. ഇന്ത്യയുടെ ആക്രമണത്തിൽ മരിച്ച ഭീകരരുടെ മൃതദ്ദേഹം സംസ്ക്കരിക്കുന്നതിന് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇവിടുത്തെ ഒരു ദേവാലയത്തിലെ വെള്ളിയാഴ്ച നമസ്കാരത്തിൽ ഇന്ത്യക്കെതിരെ പ്രതികാരം ചെയ്യുമെന്ന പ്രസംഗം നടന്നുവെന്നും അതിർത്തി കാക്കാത്തതിന് പാക് സേനയ്ക്ക് നേരെ വിമർശനമുയർന്നെന്നും നാട്ടുകാർ വെളിപ്പെടുത്തി. രാത്രി സ്ഫോടന ശബദം കേട്ടിരുന്നു എന്നാണ് എല്ലാ ദൃക്സാക്ഷികളും പറയുന്നു.
അമ്പതു ഭീകരർ വരെ കൊല്ലപ്പെട്ടിരിക്കാം എന്നാണ് സേനയുടെ കണക്കുകൂട്ടലെങ്കിലും ഇത്രയും മൃതദ്ദേഹം കണ്ടതായി ആരു സ്ഥിരീകരിച്ചില്ല. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ജമ്മുകശ്മീർ പഞ്ചാബ് രാജസ്ഥാൻ ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ യോഗം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച വിളിച്ചു.
