ദില്ലി: പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയെന്ന് സൈന്യം പ്രചരിപ്പിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. മിന്നലാക്രമണം നടന്നിട്ടില്ലെന്ന പാകിസ്ഥാനന്റെ വാദം തെറ്റാണെന്ന് തെളിയിക്കാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് വക്താവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിന്നലാക്രമണം വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ട്വീറ്റ് ചെയ്തത്.
പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്തണമെന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു. എന്നാൽ ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടിയുള്ള വ്യാജ ആക്രമണമാകരുതെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഉത്തർപ്രദേശിൽ നരേന്ദ്രമോദിയുടേയും മനോഹർ പരീക്കറിന്റെയും ചിത്രങ്ങളോടെ ഉയർത്തിയ പോസ്റ്ററുകളും നിരുപം ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിന്നലാക്രമണത്തെക്കുറിച്ചുള്ള സഞ്ജയ് നിരുപമിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിലൂള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സൈനിക നടപടിയെ രാഷ്ട്രീയവത്ക്കരിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സൈനിക നടപടിയെ പിന്തുണക്കുന്നുവെന്നും സൈന്യത്തിന് പൂർണ്ണ പിന്തുണയുണ്ടെന്നും എന്നാൽ മിന്നലാക്രമണത്തെ ബിജെപി രാഷ്ട്രീയവത്ക്കരിക്കുന്നതിനെയാണ് വിമർശിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജ്ജേവാല വിശദീകരിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങൾ പുറത്തറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തെ വിമർശിച്ചിട്ടില്ലെന്നും പാകിസ്ഥാന്റെ പ്രചാരണത്തെയാണ് വിമർശിച്ചതെന്നുമുള്ള വിശദീകരവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കി.
