ന്യൂഡല്‍ഹി; ശക്തി കേന്ദ്രമായ ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിയെ അലോസരപ്പെടുത്തി കൊണ്ട് പുതിയ സര്‍വ്വേ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ മത്സരം നടക്കുമെന്നാണ് എബിപി ന്യൂസിന് വേണ്ടി ലോക്‌നീതി-സിഎസ്ഡിഎസ് നടത്തിയ സര്‍വ്വേയില്‍ പറയുന്നത്. 

തിങ്കളാഴ്ച്ച പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ഇരുപാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ 43 ശതമാനം വീതം വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. പക്ഷേ ബിജെപി 91 മുതല്‍ 99 വരെ സീറ്റുകള്‍ പിടിക്കുമെന്നും കോണ്‍ഗ്രസിന് 78 മുതല്‍ 86 സീറ്റുകളാവും ലഭിക്കുകയെന്നും സര്‍വ്വേയില്‍ പറയുന്നുണ്ട്. മൊത്തം 182 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ വലിയ മാറ്റങ്ങളാണ് ഗുജറാത്തിലെ ജനങ്ങളുടെ രാഷ്ട്രീയചിന്തകളിലുണ്ടായതെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്. നവംബര്‍, ഒക്ടോബര്‍, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ ബിജെപിക്ക് അനുകൂലമായി നിന്നിരുന്ന പല വോട്ടര്‍മാരും പോയ ആഴ്ചകളില്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതാണ് സര്‍വേയില്‍ കാണുന്നത്. 

ആകെയുള്ള 182 സീറ്റില്‍ 144-152 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടും എന്നായിരുന്നു ആഗസ്റ്റിലെ സര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് 26 മുതല്‍ 32 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് അന്ന് സര്‍വേയില്‍ പ്രവചിച്ചത്. എന്നാല്‍ ഒക്ടോബറിലേക്ക് വന്നപ്പോള്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റം വന്നു. ബിജെപിക്ക് 113 മുതല്‍ 121 വരെ സീറ്റുകളും കോണ്‍ഗ്രസിന് 58 മുതല്‍ 64 വരെ സീറ്റുകളും എന്നായി. പക്ഷേ ഇപ്പോള്‍ വന്ന സര്‍വേ ഫലത്തില്‍ കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റുകള്‍ മാത്രം കുറവാണ് കോണ്‍ഗ്രസിന് കിട്ടുമെന്ന് പ്രവചിക്കുന്നത്. 

ജിഎസ്ടിക്കും നോട്ട് നിരോധനത്തിനുമെതിരായ ജനവികാരമാണ് ബിജെപിക്ക് തിരിച്ചടിയാവുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസം ജിഎസ്ടി നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങള്‍ ജനങ്ങളെ കൂടുതല്‍ അതൃപ്തരാക്കിയെന്നും സര്‍വേ പറയുന്നു. കര്‍ഷകരിലെ വലിയൊരു വിഭാഗം ഇപ്പോള്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യം കാണിക്കുന്നു. 

സംസ്ഥാനത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളില്‍ വലിയ മുന്നേറ്റമായിരിക്കും ഇക്കുറി കോണ്‍ഗ്രസ് നടത്തുകയെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സൗരാഷ്ട്രയിലും മധ്യഗുജറാത്തിലും ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. നഗരങ്ങളില്‍ ആളുകള്‍ ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനെ തുണയ്ക്കുവെന്ന് സര്‍വേ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. പ്രായം തിരിച്ചുള്ള കണക്കില്‍ 18-29 ഗ്രൂപ്പിലുള്ളവര്‍ ബിജെപിയോട് ആഭിമുഖ്യം കാണിക്കുന്നവരാണ്. എന്നാല്‍ 30-39,40-59 വിഭാഗത്തിലുള്ളവര്‍ക്ക് കോണ്‍ഗ്രസിനോടാണ് താത്പര്യം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും രണ്ടു പാര്‍ട്ടികളും ഒരു പോലെയാണ്.