പട്ടിക്കും പൂച്ചക്കും നൽകുന്ന വില പോലും മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ആശങ്ക കൂടുകയാണെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം. പട്ടിക്കും പൂച്ചക്കും നൽകുന്ന വില പോലും മത്സ്യത്തൊഴിലാളികൾക്ക് നൽകുന്നില്ലെന്നും ഇന്ന് പുലര്‍ച്ചെ ഉണ്ടായ ബോട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ സുസപാക്യം പറഞ്ഞു. 

ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് മത്സ്യബന്ധനത്തിന് പോയ ബോട്ടും ഇന്ത്യന്‍ കപ്പലായ എം വി ദേശ് ശക്തിയും ഇടിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും രണ്ട് പേരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ബോട്ടിലുണ്ടായിരുന്ന 9 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായ ഒമ്പത് പേരില്‍ ഒരാള്‍ മലയാളിയാണ്. മരിച്ച മൂന്നുപേരും കുളച്ചല്‍ സ്വദേശികളാണ്. മണിക്കുടി എന്നു വിളിക്കുന്ന സഹായരാജ്, യുഗനാഥൻ, യാക്കൂബ് എന്നിവരാണ് മരിച്ചത്.