ന്യൂയോർക്ക്​: പാകിസ്​താനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വിദേശകാര്യ മ​ന്ത്രി സുഷമ സ്വരാജ്​ യു എൻ പൊതുസഭയിൽ. ഉറി ആക്രമണവും ബലൂചിസ്ഥാൻ വിഷയവും യുഎന്നിൽ ഇന്ത്യ ഉന്നയിച്ചു. പാകിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയത് ഭീകരതയാണെന്ന് സുഷമ പറഞ്ഞു. കശ്മീർ എന്ന സ്വപ്നം പാകിസ്ഥാൻ ഉപേക്ഷിക്കണം . കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമെന്നും സുഷമ പ്രഖ്യാപിച്ചു .

ബലൂചിസ്ഥാനിലെ ക്രൂരതകളെക്കുറിച്ച് പാകിസ്ഥാൻ ആത്മപരിശോധന നടത്തണം . തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് ലോകഭൂപടത്തിൽ സ്ഥാനമുണ്ടാകരുത്. തീവ്രവാദികളെ സംരക്ഷിക്കുന്നത് ആരെന്ന് തിരിച്ചറിയണം.

ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കണം . നിരപരാധികളെ കൊന്നൊടുക്കുന്നത് അംഗീകരിക്കില്ല .ചില രാജ്യങ്ങൾ ഭീകരത വളർത്തുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം ​രാജ്യങ്ങൾക്ക്​ ലോകത്ത്​ സ്​ഥാനമുണ്ടാകരുതെന്നും സുഷമ പറഞ്ഞു. ഭീകരത മനുഷ്യാവകാശ ലംഘനമാണ്​. സമാധാനമില്ലാതെ ലോകത്ത്​ സമൃദ്ധിയുണ്ടാവില്ല. ദാരിദ്ര്യമാണ്​ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും സുഷമ യു എന്നിൽ വ്യക്​തമാക്കി.