ദില്ലി: അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ എത്തപ്പെടുകയും ഒരു പതിറ്റാണ്ടിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തുകയും ചെയ്ത ബധിരയും മൂകയുമായ ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഗീതയുടെ മാതാപിതാക്കളെ കണ്ടത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തി രണ്ടു വര്‍ഷമായിട്ടും യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഒന്‍പതാം വയസില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തപ്പെട്ട ബധിരയും മൂകയുമായ പെണ്‍കുട്ടി ഗീതയുടെ തിരിച്ച് വരവ് ആരും മറന്ന് കാണില്ല. രണ്ട് വര്‍ഷം മുന്‍പ് ഗീതയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബിഹാറില്‍ നിന്നുള്ള ജനാര്‍ദന്‍ മഹാതോ ഇന്ത്യന്‍ വിദേശകാര്യമന്ത്രീലയത്തെ സമീപിച്ചത്. പഞ്ചാബില്‍ വെച്ച് ഗീത അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്കുള്ള ട്രെയിനില്‍ അകപ്പെടുകയായിരുന്നെന്ന് മഹാതോ പറഞ്ഞു. അവര്‍ നല്‍കിയ പഴയകാല ചിത്രം ഗീത തിരിച്ചറയുക കൂടി ചെയ്തതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും 2015 ഒക്ടോബര്‍ 26ന് ഗീത ഇന്ത്യയിലെത്തുകയും ചെയ്തു. പക്ഷെ മാതാപിതാക്കളെന്ന അവകാശപ്പെട്ടവരെ ഡിഎന്‍എ പരിശോധന നടത്തിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ഡിഎന്‍എ പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഗീതയെ ഇന്‍ഡോറിലെ പ്രത്യേക സ്ഥാപനത്തിലേക്ക് മാറ്റി. മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും ഗീതയ്ക്ക് വിലക്കുണ്ടെന്നും മനുഷ്യാവകാശം ലംഘിക്കുകയാണെന്നും പറഞ്ഞ് പാക്കിസ്ഥാനിലെ സംഘടനകളും രംഗത്തെത്തി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം രക്ഷിതാക്കളെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുഷമാസ്വരാജ് രംഗത്തെത്തി. ഒരു ലക്ഷം രൂപയാണ് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക. ഗീതയുമൊത്തുള്ള ഫോട്ടോയും സുഷമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗീതയുടെ മാതാപിതാക്കളെ കണ്ടെത്തുന്നത് ഇനിയും വൈകിയാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ക്ഷീണമാവും. എന്നാല്‍ ഗീത തങ്ങളുടെ മകളാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബീഹാറില്‍ നിന്നുള്ള ജനാര്‍ദന്‍ മഹാതോയും കുടുംബവും.