ദില്ലി: പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ ഏജന്റെന്ന് സംശയിക്കപ്പെടുന്ന ഒരാളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കരസേനയിലെ വനിതാ കേണലിനെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് മുഹമ്മദ് പര്‍വേസ് എന്നയാള്‍ അറസ്റ്റിലായത്.

പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ശേഖരിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് വനിതാ കേണല്‍ ദില്ലി പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് സ്പെഷ്യല്‍ സെല്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു. രണ്ട് മൊബൈല്‍ നമ്പറുകളും ഇക്ത ശര്‍മ്മ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് ഐ.ഡിയും ചൂണ്ടിക്കാട്ടിയാണ് കേണല്‍ പരാതി നല്‍കിയത്. ഫേസ്ബുക്ക് മെസേജ് വഴി നഗ്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയച്ചുവെന്നും പരാതിയില്‍ പറയുന്നു.