കാസര്‍ഗോഡ്: സംസ്ഥാനത്തു നിന്നും നാടുവിട്ട് ഐ.എസിലെത്തിയവരെല്ലാം കൊല്ലപ്പെട്ടന്ന പ്രചാരണം വ്യാജവാര്‍ത്തയാണെന്ന് കാണിച്ച് ഐ.എസിലെത്തിയവര്‍ പുതിയ സന്ദേശം അയച്ചു. ഇന്ന് വൈകുന്നേരം 6.30ഓടെ കാസഗോഡ് പടന്നയിലെ പൊതു പ്രവർത്തകനായ ബി.സി.എ റഹ്മാനാണ് ഐ.എസിലെത്തിയവര്‍ സന്ദേശമയച്ചത്.

കാസര്‍ഗോഡ് നിന്നടക്കം കേരളത്തില്‍ നിന്നും പോയ മലയാളികളെല്ലാം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപെട്ടെന്ന വാര്‍ത്ത നിഷേധിച്ചാണ് പുതിയ സന്ദേശമെത്തിയത്. കാസര്‍ഗോഡ് നിന്ന് നാടുവിട്ട അഷ്‍ഫാക്ക് മജീദാണ് നേരത്തെ കൊല്ലപെട്ട ഹഫീസുദ്ദീന്റെ ബന്ധുവും കാസര്‍ഗോഡ് പടന്നയിലെ പൊതുപ്രവര്‍ത്തകനുമായ ബി.സി.എ റഹ്മാന് സന്ദേശം അയച്ചത്. 

നംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ഏറ്റവും വലിയ ആണവേതര ബോംബാക്രമത്തിലോ അതിനുശേഷമോ മലയാളികളാരും കൊല്ലപെട്ടിട്ടില്ലെന്നാണ് സന്ദേശത്തിലുള്ളത്. ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അതെല്ലാം വ്യാജ വാര്‍ത്തകളാണെന്നായിരുന്നു സന്ദേശത്തിലൂടെ അഷ്‍ഫാക്ക് മജീദിന്റെ മറുപടി. നാടുവിട്ടവരെല്ലാവരും കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ ആശങ്കയിലാഴ്ത്തിയിരിക്കുന്നതിനിടയില്‍ സുരക്ഷിതരാണെന്ന സന്ദേശമെത്തിയത് കുടുംബങ്ങള്‍ക്ക് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്.