വനിതാ പൊലീസിനെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച തെലങ്കാനയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഗാഡ്വാൾ ജില്ലയിലെ എഎസ്ഐക്കെതിരെയാണ് സ്വഭാവദൂഷ്യത്തിന് നടപടിയെടുത്തത്. യൂണിഫോമിലുളള വനിതാ ഉദ്യോഗസ്ഥയെക്കൊണ്ട് എഎസ്ഐ പുറംതടവിപ്പിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഈ ദൃശ്യമാണ് എഎസ്ഐയുടെ ജോലി തെറിപ്പിച്ചത്. തെലങ്കാനയിലെ ഗാഡ്വാൾ ജില്ലയിലെ ജോഗലുമ്പ സ്റ്റേഷൻ എഎസ്ഐ ഹസനാണ് നടപടി നേരിട്ടത്. യൂണിഫോമിലുളള വനിതാ ഉദ്യോഗസ്ഥയെക്കൊണ്ട് പുറം തടവിപ്പിക്കുന്ന പൊലീസുകാരനാണ് ദൃശ്യങ്ങളിലുളളത്.ബനിയനിട്ട് കമിഴ്ന്ന് കിടക്കുകയാണ് മേലുദ്യോഗസ്ഥൻ. ഈ ദൃശ്യങ്ങൾ വൈറലായതോടെ തെലങ്കാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ഗാഡ്വാൾ ജോഗലുമ്പ പൊലീസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ എഎസ്ഐ കുറ്റക്കാരനെന്ന് കണ്ടെത്തി. വനിത പൊലീസുകാരിയെക്കൊണ്ട് ഇത് ആദ്യമായല്ല ഇയാൾ മസാജ് ചെയ്യിപ്പിക്കുന്നത് എന്നും വ്യക്തമായി.തുടർന്നാണ് സസ്പെന്‍ഡ് ചെയ്യാനുളള തീരുമാനമെടുത്തത്.

ഇതാദ്യമായല്ല തെലങ്കനായിൽ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്.ഹൈദരാബാദിൽ സഹപ്രവർത്തകനെ കാല് തിരുമ്മാൻ നിർബന്ധിച്ച പൊലീസുദ്യോഗസ്ഥന്‍റെ നടപടിയും വിവാദമായിരുന്നു.