ആറ് മാസത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞു ചേരും വിലയും വളരെ കുറവ് ലക്ഷ്യം പ്ലാസ്റ്റിക് രഹിത ഭൂമി

ബം​ഗളൂരു: രാജ്യത്ത് ആദ്യമായി പരിസ്ഥിതി സൗഹൃദ സാനിട്ടറി പാഡുകളുമായി സുവിധ. മണ്ണിൽ അലിഞ്ഞു ചേരുമെന്ന് മാത്രമല്ല, വളരെ കുറഞ്ഞ വില മാത്രമേ ആകുന്നുള്ളു. ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ബ്യൂറോ ഓഫ് ഫാർമ പി എസ് യു ഓഫ് ഇന്ത്യയും ഫാർമസ്യൂട്ടിക്കൽ ഡിപ്പാർ‌ട്ട്മെന്റും ചേർന്നാണ് ഈ സാനിട്ടറി പാഡുകൾ പുറത്തിറക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം വരുന്ന സ്കൂൾ വിദ്യാർത്ഥിനികളുൾപ്പെടെ നൂറ് കണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിലാണ് ജന ഓഷധി സുവിധ സാനിട്ടറി നാപ്കിൻ പുറത്തിറക്കിയത്. പ്ലാസ്റ്റിക്കിനെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തെ ഊട്ടിയുറപ്പിച്ചു കൊണ്ടാണ് സുവിധ സാനിട്ടറി പാ‍ഡുകളുടെ വരവ്. 

സാധാരണ പാഡുകൾ മണ്ണിൽ അലിഞ്ഞു ചേരാൻ‌ വർഷങ്ങളെടുക്കും. അതായത് അഞ്ഞുറു വർഷങ്ങൾക്കപ്പുറം മാത്രമേ ഇന്ന് വിപണിയിൽ ലഭിക്കുന്ന പല പാഡുകളും മണ്ണിൽ ലയിക്കുകയുള്ളൂ. എന്നാൽ സുവിധ ആറ് മാസം കൊണ്ട് മണ്ണിൽ ചേരും. മറ്റ് പാഡുകളോട് താരതമ്യപ്പെടുത്തിയാൽ സുവിധയ്ക്ക് ഒരെണ്ണത്തിന് രണ്ടര രൂപ മാത്രമേ ആകുന്നുള്ളൂ. 

ഇന്ത്യയിൽ 48 ശതമാനം സ്ത്രീകൾ മാത്രമേ സാനിട്ടറി പാ‍‍ഡുകൾ ഉപയോ​ഗിക്കുന്നുള്ളൂ. ബാക്കിയുള്ള 52 ശതമാനത്തിന് അവ വാങ്ങാനോ ഉപയോ​ഗിക്കാനോ ഉള്ള പ്രാപ്തിയില്ല. അങ്ങനെയുള്ളവർക്ക് വേണ്ടിയാണ് സുവിധ പാഡുകൾ പുറത്തിറക്കിയിരിക്കുന്നത്. അവരുടെ ആ​രോ​ഗ്യവും ശുചിത്വവും സുരക്ഷയും ഉറപ്പാക്കുക എന്നുള്ളതാണ് ലക്ഷ്യം. കൂലിത്തൊഴിലാളികൾ, വസ്ത്രമേഖലയിൽ ജോലി ചെയ്യുന്നവർ എന്നിവരെയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. - കേന്ദ്ര കെമിക്കൽ ആന്റ് ഫെർട്ടിലൈസേഴ്സ് വകുപ്പ് മന്ത്രി ആനന്ദകുമാർ പറഞ്ഞു.