തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. ടൂറിസം മന്ത്രാലയം 100 കോടി രൂപ ചിലവിട്ട് നടത്തിയ നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ശിലാഫലകം അനാച്ഛാദനം ചെയ്തതിന് ശേഷം നരേന്ദ്രമോദി ക്ഷേത്ര ദര്‍ശനവും നടത്തി. ക്ഷേത്രത്തിനുള്ളിലും പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കിഴക്കേ ഗോപുര നടവഴിയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബാഗങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് മോദിയെ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനവും പൂര്‍ത്തിയാക്കി മോദി രാത്രിയോടെ ദില്ലിക്ക് മടങ്ങി.

മേയര്‍ വി കെ പ്രശാന്തും സ്ഥലം എംഎല്‍എ വി എസ് ശിവകുമാറും വേദയില്‍ ഇരിപ്പിടം നല്‍കാത്തതിനാല്‍, പ്രധാനമന്ത്രിയെ സ്വീകരിച്ചതിന് ശേഷം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷേത്ര ദർശന സംഘത്തിൽ നിന്നു സ്ഥലം എംപി ആയ ശശി തരൂരിനെയും ഒഴിവാക്കിയിരുന്നു.