വെറും 20,000 പാകിസ്ഥാനി രൂപയ്ക്ക് (ഏകദേശം 10,000 ഇന്ത്യൻ രൂപ) തന്റെ വിവാഹം നടത്തിയ കഥ ട്വിറ്ററിലൂടെയാണ് പാക് യുവാവ് റിസ്‌വാൻ പെഹൽവാൻ ലോകത്തെ അറിയിച്ചത്.
ഇസ്ലാമാബാദ്: കോടിക്കണക്കിന് രൂപ ചെലവാക്കി അത്യാഡംബരമായി വിവാഹം നടത്തുന്നവർക്ക് ചെലവ് ചുരുക്കി എങ്ങനെ വിവാഹം നടത്താമെന്ന് കാണിച്ചുകൊടുക്കുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു യുവാവ്. വെറും 20,000 പാകിസ്ഥാനി രൂപയ്ക്ക് (ഏകദേശം 10,000 ഇന്ത്യൻ രൂപ) തന്റെ വിവാഹം നടത്തിയ കഥ ട്വിറ്ററിലൂടെയാണ് പാക് യുവാവ് റിസ്‌വാൻ പെഹൽവാൻ ലോകത്തെ അറിയിച്ചത്.
ഇപ്പോൾ വിവാഹ സീസണാണ്. അതുകൊണ്ട് ഇവിടെ ഞാൻ എന്റെ വിവാഹ കഥ പറയുകയാണ്. ചുരുങ്ങിയ ബജറ്റിനുള്ളിൽ നിന്നും വിവാഹം നടത്താൻ എന്നെപ്പോലെ നിങ്ങൾക്കും സാധിക്കും. എന്റെ അതിഥികളുടെ പട്ടികയിൽ സുഹൃത്തുക്കളും മാതാപിതാക്കളും ഉൾപ്പെടെ 25 പേരായിരുന്നു ഉണ്ടായിരുന്നത്. എന്റെ വീടിന്റെ ടെറസായിരുന്നു വിവാഹ വേദി. ചിക്കൻ ടിക്ക, സീക് കബാബ്, പത്തൂരി ചനായ് ഹൽവ, സ്ട്രോബറീസ് എന്നിവയായിരുന്നു വിഭവങ്ങൾ- റിസ്‌വാൻ ട്വീറ്റർ കുറിച്ചു.
വിവാഹ ബജറ്റ് 20,000ത്തിൽ ഒതുങ്ങിയത് എങ്ങനെയെന്നും റിസ്‌വാൻ ട്വിറ്ററിൽ വിശദമാക്കിയിട്ടുണ്ട്. എന്റെ വിവാഹത്തിനുള്ള ബജറ്റ് 20,000 രൂപയായി മൂൻകൂട്ടി നിഞ്ചയിച്ചിരുന്നു. പാചകം ഒരു സുഹൃത്ത് ഏറ്റെടുത്തു. ചിക്കനും മസാലയും വാങ്ങിക്കൊടുത്ത് സഹായിയായി അവനൊപ്പം ഞാനും കൂടി. ഭാര്യ ഖട്ടായ് ആലു ഉണ്ടാക്കി. അച്ഛൻ മനോഹരമായ ലൈറ്റുകൾ കൊണ്ട് ടെറസ് അലങ്കരിച്ചു.
അമ്മയും സഹോദരിയും സമ്മാനമായി നൽകിയ വസ്ത്രങ്ങളാണ് ഞാനും ഭാര്യയും ധരിച്ചത്. നീല നിറത്തിലുള്ള സൽവാറായിരുന്നു അത്. ഭക്ഷണത്തിനുശേഷം അർധരാത്രി വരെ ഞങ്ങൾ സംസാരിച്ചു. അങ്ങനെ വിവാഹം വളരെ സന്തോഷത്തോടെയും ആർഭാടത്തോടെയും കഴിഞ്ഞു. നിങ്ങളുടെ കഴിവിന് അനുസരിച്ചുളള രീതിയിൽ വിവാഹ ആഘോഷം നടത്തൂ. ചെറിയ രീതിയിലായാലും വലിയ രീതിയിലായാലും അതിൽ സന്തോഷം കണ്ടെത്തൂ. വിവാഹം എപ്പോഴും സന്തോഷം നിറഞ്ഞതായിരിക്കണം എന്നുമാണ് താനിതിലൂടെ പറയാൻ ശ്രമിക്കുന്നതെന്നും റിസ്‌വാൻ പറയുന്നു.
തന്റെ വിവാഹ ചിത്രങ്ങളും റിസ്‌വാൻ പങ്കുവച്ചിട്ടുണ്ട്. ബജറ്റ് ചുരുക്കി വിവാഹിതരായ നവദമ്പതികൾക്ക് ആശംസകളുമായി നിരവധി ആളുകളാണെത്തിയത്.
