ദോഹ: ഖത്തറിൽ ലോകകപ്പിനുള്ള വികസന പ്രവർത്തനങ്ങളിൽ വിദേശ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫിഫക്കെതിരെ നൽകിയ ഹർജി തള്ളി. ബംഗ്ലാദേശ് ഫ്രീ ട്രേഡ് യൂണിയൻ കോൺഗ്രസ്സായിരുന്നു ഹർജി നൽകിയത്. തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഖത്തറിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഫിഫ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
2022 ലെ ഫിഫ ലോകകപ്പിന് വേണ്ടിയുള്ള നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ബംഗ്ളാദേശി പൗരൻ ചൂഷണങ്ങൾക്ക് വിധേയമായെന്നു കാണിച്ചാണ് ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ ബംഗ്ലാദേശ് ഫ്രീ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് സ്വിസ് കോടതിയിൽ ഹര്‍ജി നൽകിയത്. ഡച് തൊഴിലാളി സഘടനയായ എഫ് എൻ. വിയുടെ പിന്തുണയുള്ള സംഘടനയാണ് ബംഗ്ലാദേശ് ഫ്രീ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്. ലോക കപ്പിനായുള്ള നിർമാണ പ്രവർത്തനങ്ങളിൽ തെറ്റായ പ്രവർത്തനങ്ങളും മനുഷ്യാവകാശ ലംഘനവും നടക്കുന്നുവെന്നായിരുന്നു പരാതി.
തൊഴിലാളികൾക്ക് ജോലി മാറാനുള്ള അവസരമെങ്കിലും സൃഷ്ടിക്കണമെന്നും ഹരജി ചൂണ്ടി കാട്ടിയിരുന്നു. വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തർക്കങ്ങളിൽ വിധി കൽപ്പിക്കുന്ന സൂറിച്ചിലെ ഇന്റർനാഷണൽ കോർട് ഫോർ ആർബിട്രേഷൻ എന്ന പേരിൽ അറിയപ്പെടുന്ന കോടതിയാണ് ഹര്‍ജി തള്ളിയത്. കോടതിയുടെ തീരുമാനം ഫിഫ സ്വാഗതം ചെയ്ത ഫിഫ തൊഴിലാളികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒരു വീഴ്ചയും വരുത്തരുതെന്നു ഖത്തറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഖത്തർ അനുഭാവ പൂർണമായാണ് ഇതിനോട് പ്രതികരിച്ചതെന്നും പ്രസ്താവനയിൽ അറിയിച്ചു.
തൊഴിലാളികൾക്കെതിരെ ചൂഷണം നടക്കുന്നതായി ആരോപിച്ചു ഖത്തറിനെതിരെ നേരത്തെ ആംനസ്റ്റി ഇന്റർനാഷനലും രംഗത്തു വന്നിരുന്നെങ്കിലും ആരോപണങ്ങൾ ഖത്തർ നിഷേധിച്ചിരുന്നു. ഖത്തർ സന്ദർശിക്കുക പോലും ചെയ്യാത്തവരാണ് ആരോപണം ഉന്നയിക്കുന്നതെന്നും വിമർശകരെ ഖത്തറിലേക്ക് ക്ഷണിക്കുന്നതായും സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും പ്രതികരിച്ചിരുന്നു. ഇതേതുടർന്ന് ഖത്തർ സന്ദർശിച്ച ഫിഫ പ്രതിനിധികൾ ഉൾപ്പെടെ ഖത്തറിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ ക്ഷേമത്തിലും തൃപ്തി അറിയിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
