അലപ്പോ: അഞ്ചരകൊല്ലത്തിന് ശേഷം വിമതരില്‍ നിന്നും സിറിയന്‍ സൈന്യം അലപ്പോ നഗരം പിടിച്ചെടുത്തു. 2012ലാണ് അലപ്പോ വിമതര്‍ പിടിച്ചെടുത്തത്. അതിന് ശേഷം വ്യോമ- കര ആക്രമണത്തിലൂടെ നഗരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്ന ബാഷര്‍ അല്‍ അസാദിന്‍റെ സര്‍ക്കാര്‍ സൈന്യം.

വ്യോമാക്രമണത്തിലൂടെയാണ് അലപ്പോ നഗരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ സൈന്യത്തിനായത്. അലപ്പോയിലെ ഹനാനോയിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. വിമതര്‍ സാധാരണക്കാരെ ഉപയോഗിച്ച് മനുഷ്യകവചം തീര്‍ത്തതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്നാണ് സൈന്യം പറയുന്നത്.

കടുത്ത മനുഷ്യവകാശധ്വംസനം നടക്കുന്ന സിറിയന്‍ നഗരമാണ് അലപ്പോ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ വിഭാഗം പറയുന്നത്. ഇതുവരെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ടത് രണ്ടര ലക്ഷത്തോളം ആളുകളാണാന്നാണ് ഐക്യ രാഷ്ട്രസംഘടനയുടെ കണക്ക്. 

അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് സൈന്യത്തിന്‍റെ പോരാട്ടത്തിനിടെയാണ്. 12 ദിവസത്തിനിടെ 27 കുട്ടികളാണ് അലപ്പോയില്‍ മത്രം കൊല്ലപ്പെട്ടത്.