ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ വിമതരുടെ ശക്തികേന്ദ്രമായ അലെപ്പോയിൽ കഴിഞ്ഞ മൂന്നാഴ്ചയോളമായി പ്രസിഡന്‍റ് ബാഷർ അൽ അസദ് സൈന്യവും റഷ്യയും വ്യോമാക്രമണം നിർത്തി വച്ചിരുന്നു. പ്രദേശത്തെ ജനങ്ങളോടും സർക്കാരിനെതിരെ പോരാടുന്ന വിമതരോടും സ്ഥലം വിട്ടു പോകാൻ സൈന്യം അന്ത്യ ശാസനം നൽകുകയും ചെയ്തു.
മൂന്നാഴ്ചയോളമായി റഷ്യ നിർത്തിവച്ചിരുന്ന വ്യോമാക്രമണം വീണ്ടും തുടങ്ങിയതായി മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു. അലെപ്പോയുടെ കിഴക്കൻ ജില്ലകളായ ഹെയ്ദരിയ, മസാകിൻ ഹനാനോ,സാഖൗർ, ഷെയ്ഖ് ഫാരിസ്, ബാബ് അൽ നെയ്റാബ്, ഖാദി അസ്കർ, ഖട്ടേർജി എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്നാണ് സൂചന. എന്നാൽ വ്യോമാക്രണം പുനരാരംഭിച്ചെന്ന വാർത്ത നിഷേധിച്ച റഷ്യ ഭീകരവാദികൾക്കെതിരെ പോരാട്ടം തുടരുകയാണെന്ന് അറിയിച്ചു. ഐഎസ് ഭീകരവാദികൾക്കെതിരെ മേജർ ഓപ്പറേഷൻ തുടങ്ങിയെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു റിപ്പോർട്ട് നൽകി.
എന്നാൽ റിപ്പോർട്ടിൽ അലെപ്പോയെക്കുറിച്ച് പ്രത്യേക പരാമർശമുണ്ടായില്ലെന്നും സൂചനയുണ്ട്. ഇതുവരെയുണ്ടായ വ്യോമാക്രണത്തിനിടെ സിറിയയുടെ കിഴക്കൻ പ്രദേശങ്ങളിൽ മാത്രം 700ലധികം സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
