കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമി ഇടപാട് വിവാദം പരിഹരിക്കാൻ പ്രത്യേകസമിതിയെ സഭ നിയോഗിച്ചു. അഞ്ച് ബിഷപ്പുമാർ അടങ്ങുന്നതാണ് സമിതി. മാർ മാത്യു മൂലക്കാട്ട് സമിതി അധ്യക്ഷനായാണ് സമിതി രൂപീകരിച്ചരുന്നത്. കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തില്‍ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഭയിലെ 62 മെത്രാന്‍മാരാണ് സിനഡ് യോഗത്തില്‍ പങ്കെടുത്തത്. ഉടൻ ചർച്ച നടത്തി പരിഹാരം കാണാൻ സമിതിക്ക് നിർദ്ദേശം നല്‍കി.

സിറോ മലബാര്‍ സഭയിലെ ഭൂമിവില്‍പന സംബന്ധിച്ച വിവാദത്തില്‍ സഭക്കുണ്ടായ നാണക്കേടില്‍ കര്‍ദ്ദിനാള്‍ ആലഞ്ചരി നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു. നേരത്തെ ആറംഗ അന്വേഷണ കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നിരുന്നു. ഭൂമി വില്‍പനയിൽ ഗുരുതര പിഴവാണ് സംഭവിച്ചതെന്നും ഇടനിലക്കാരനായ സജു വർഗീസ് കുന്നേലിനെ കർദിനാളാണ് അതിരൂപതയ്ക്ക് പരിചയപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. സഭയ്ക്ക് 30 മുതൽ 40 കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.