തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്നതിന് ചരിത്ര രേഖകള്‍ ഉണ്ടെന്ന് സീറോ മലബാര്‍ സഭ

തോമാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്നത് സംബന്ധിച്ച് ഫാദര്‍ പോള്‍ തേലക്കാടിന്റെ നിലപാട് തള്ളി സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നുവെന്ന പാരമ്പര്യം അവകാശപ്പെടാന്‍ കൃത്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവായിരുന്ന ഫാദര്‍ പോള്‍ തേലക്കാടിന്റെ നിലപാട്. തോമാ ശ്ലീഹാ ഇന്ത്യയില്‍ വന്നതിന് ചരിത്ര രേഖകള്‍ ഉണ്ടെന്നും സഭ വ്യക്തമാക്കുന്നു. 

സിറോ മലബാര്‍ സഭയുടെ ഉദ്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്നാണ്. ഇതിനോടു വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമാണെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.നേരത്ത തോമാശ്ലീഹാ ഒരു ബ്രാഹ്മണരെയും മാമോദീസ മുക്കിയിട്ടില്ലെന്ന് ഫാദര്‍ പോള്‍ തേലക്കാട് ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. 

അത്തരം അവകാശ വാദങ്ങള്‍ അസംബന്ധമാണ്. ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണെന്നും പോള്‍ തേലക്കാട്ട് വിശദമാക്കിയിരുന്നു. ഇക്കാര്യത്തില്‍ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഫാദര്‍ പോള്‍ തേലക്കാട്ട് നിലപാട് വ്യക്തമാക്കിയത്.