കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമി ഇടപാടില്‍ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. അന്വേഷണ റിപ്പോർട്ട്‌ ഉടൻ ഐജിക്ക് കൈമാറുമെന്ന് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാൽജി വിശദമാക്കി. സാജു വർഗീസിനെതിരെ കേസ് എടുക്കുന്നത് നിയമവശം പരിശോധിച്ച ശേഷമെന്ന് പോലീസ് പറഞ്ഞു. 

ഭൂമി വിൽപ്പനയിലും നടപടികളിലും കാനോനിക നിയമങ്ങളുടെ ലംഘനമുണ്ടായെന്നും 34 കോടിരൂപയുടെ പ്രഥമിക നഷ്‍ടം സംഭവിച്ചെന്നും നേരത്തെ സഭയുടെ ഇടക്കാല കമ്മീഷൻ കണ്ടെത്തിയിരുന്നു.66 കോടി രൂപയുടെ കടമടക്കാനാണ് കൊച്ചിയിലെ അ‌ഞ്ച് ഭൂമികൾ വിൽക്കാൻ തീരുമാനിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമതൊരാൾക്ക് സ്ഥലങ്ങൾ മുറിച്ചുവിൽക്കരുതെന്നായിരുന്നു ഇടനിലക്കാരനുമായുളള കരാർ. 

എന്നാൽ ഇത് ലംഘിച്ച് 36 പേർക്ക് ഭൂമി മറിച്ചുവിറ്റു. 27 കോടി 30 ലക്ഷം രൂപ സഭക്ക് ലഭിക്കുമെന്നായിരുന്നു കരാറിൽ ഉണ്ടായിരുന്നത്. . എന്നാൽ 9 കോടി 13 ലക്ഷം രൂപ മാത്രമാണ് അതിരൂപതക്ക് കിട്ടിയത്. ബാക്കി 18 കോടി 17 ലക്ഷം രൂപ ഇടനിലക്കാരൻ നൽകിയില്ല. അതിരൂപതയിലെ കാനോനിക സമിതികൾ അറിയാതെയാണ് 36 പേർക്കായി സഭയുടെ ഭൂമി മുറിച്ചുവിറ്റത്.