പൂജപ്പുര സെൻട്രൽ ജയിലിലെ ടിപി വധക്കേസ് പ്രതി അണ്ണൻ സിജിത്തിന്‍റെ സെല്ലിൽ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ കഴിഞ്ഞ ഒരു വർഷമായി ജയിനുള്ളിൽ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പൂജപ്പുര ജയിൽ ടവറിൽ നിന്നും മാത്രമായി 15000ത്തിലധികം വിളികളാണ് രണ്ടു സിമ്മുകളിൽ നിന്നായി പുറത്തേക്ക് പോയിരിക്കുന്നത്.

ഭാസ്‍കര കാരണവർ വധക്കേസിലെ പ്രതി ബാസിത്ത് അലി, അണ്ണൻ സിജിത്ത് എന്നിവരെ പാർപ്പിച്ചിരുന്ന സെല്ലിൽ നിന്നാണ് രണ്ട് മൊബൈൽ ഫോണുകള്‍ പിടിച്ചെടുത്തത്. ഈ ഫോണിൽ നിന്നുള്ള വിളികളുടെ വിശാംശങ്ങള്‍ കേസന്വേഷിക്കുന്ന പൂജപ്പുര പൊലീസിന് ലഭിച്ചു. ഒരു വർഷമായി പൂജപ്പുര ടവറിലായിരുന്നു ഈ രണ്ടു ഫോണുകളും ഉണ്ടായിരുന്നത്. മേട്ടുക്കട, തിരുവനന്തപുരം മെഡിക്കൽ കോളജ്, ആലപ്പുഴ എന്നീ ടവറുകളിലും ഈ ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ജയിലിനകകത്തു മാത്രമല്ല, ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും പരോളിന് ഇറങ്ങിയപ്പോഴുമെല്ലാം ഫോണുകള്‍ ഉപയോഗിച്ചിട്ടുണ്ട്.

ബാസിത്ത് അലിയാണ് ഫോണുകള്‍ പരോളിന് പോയപ്പോള്‍ കൊണ്ടുപോയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ജയിലിന് പുറത്തുപോയി പ്രതികള്‍ എത്തുമ്പോള്‍ ശരീരപരിശോധന നടത്തേണ്ടതുണ്ട്. പക്ഷേ ജയിൽ ഫോണ്‍ കടത്താനും ഉപയോഗിക്കാനും ജയിൽ ജീവനക്കാരുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തം. ജയിൽ ആശുപത്രിയിലാണ് ഫോണ്‍ ചാർജ്ജ് ചെയ്തിരുന്നതെന്നും ഇതിന് ചില ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സഹതടവുകാരായ അണ്ണൻ സിജിത്തിനും മറ്റൊരു പ്രതിക്കും ബാസിത്ത് ഫോണ്‍ നൽകിയിട്ടുണ്ട്. എറണാകുളം ഇടപ്പള്ളി ബിഎസ്എൻൽ ക്വാ‍ട്ടേഴ്സിലെ താമസിക്കാരൻറെ പേരിലാണ് രണ്ട് സിമ്മുകളും എടുത്തിരിക്കുന്നത്. ബാസിത്താണ് ഈ തിരിച്ചറിൽ രേഖ ഉപയോഗിച്ച് സിം കടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അണ്ണൻ സിജിത്തും മറ്റ് ജയിലുകളിൽ കഴിയുന്ന ടി പി കേസിലെ മറ്റ് തടവുകാരെ വിളിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഓരോ വിളികളും പൂ‍ജപ്പുര പൊലീസ് പരിശോധിച്ചുവരികയാണ്.