അഞ്ജു ബോബി ജോര്‍ജ്ജിന്‍റെ കത്തിലെ സ്‌പോര്‍ട്സ് ലോട്ടറി അഴിമതി ആരോപണം നിഷേധിച്ച് മുന്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍. സ്‌പോര്‍ട്സ് ലോട്ടറി നടത്തിപ്പിലൂടെ സര്‍ക്കാരിന് പത്ത് കോടി രൂപ ലാഭമേ ഉണ്ടായിട്ടുള്ളൂവെന്ന് ടി പി ദാസന്‍ പറഞ്ഞു. അഞ്ജു ആവശ്യപ്പെട്ട അന്വേഷണം നടക്കട്ടേ. തന്നെ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാക്കാനുള്ള ഒരു നീക്കവും നടക്കുന്നില്ലെന്നും ടി പി ദാസന്‍ പറഞ്ഞു.

സ്‌പോര്‍ട്സ് ലോട്ടറിയുടെ മറവില്‍ വന്‍ അഴിമതി നടന്നുവെന്ന സൂചനയാണ് അഞ്ജു ബോബി ജോര്‍ജ്ജ് കായിക മന്ത്രി ഇ പി ജയരാജനയച്ച കത്തിലുള്ളത്. 24 കോടി രൂപ ലോട്ടറിയുടെ പേരില്‍ പിരിച്ചു. 22 കോടി ചെലവായി എഴുതി തള്ളി. ബാക്കി രണ്ട് കോടി രൂപ ഇതുവരെ കൗണ്‍സില്‍ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് അഞ്ജു കത്തില്‍ സൂചിപ്പിക്കുന്നു. ടി പി ദാസന്‍ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന കാലത്താണ് സ്‌പോര്‍ട്സ് ലോട്ടറി പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ആരോപണങ്ങള്‍ ടി പി ദാസന്‍ നിഷേധിക്കുന്നു. അ‍്ജു ബോബി ജോര്‍ജ്ജ് ഉന്നയിക്കും വിധമുള്ള ക്രമക്കേട് സ്‌പോര്‍ട്സ് ലോട്ടറിയില്‍ നടന്നിട്ടില്ല. സര്‍ക്കാരിന് പത്ത് കോടി രൂപ ലാഭമുണ്ടാക്കി കൊടുത്ത പദ്ധതിയായിരുന്നു അതെന്നും ടി പി ദാസന്‍ വിശദീകരിക്കുന്നു.

ലാഭം കിട്ടിയ തുക സ്‌പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങാന്‍ വിനിയോഗിച്ചെന്നും ദാസന്‍ പറയുന്നു.

തന്നെ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ആക്കാന്‍ ഒരു നീക്കവും നടക്കുന്നില്ലെന്നും ടി പി ദാസന്‍ പറഞ്ഞു. കായിക പ്രേമികളായ ആര്‍ക്കും പ്രസിഡന്റാകാമെന്നും, കായിക താരം തന്നെ സ്‌പോര്‍ട്സ് കൗണ്‍സിലിന്‍റെ അധ്യക്ഷ സ്ഥാനത്ത് വേണമെന്ന് നിര്‍ബന്ധമില്ലെന്നും ടി പി ദാസന്‍ പറഞ്ഞു.