കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ മുന്‍ പൊലീസ് മേധാവി സെന്‍കുമാ‍ര്‍ അഭിമുഖത്തില്‍ മോശമായി പരാമര്‍ശിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സെന്‍കുമാര്‍ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം വാരികയുടെ റിപ്പോര്‍ട്ടര്‍ അനുവാദമില്ലാതെ റെക്കോര്‍ഡ് ചെയ്തവെന്നും ഡിജിപിക്ക് കൈമാറിയ തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ അന്വേഷണ റിപ്പോ‍ര്‍ട്ടില്‍ പറയുന്നു. അതേസമയം അവധിക്കായി തെറ്റായ രേഖകള്‍ ഹാജാരാക്കിയെന്ന റിപ്പോര്‍ട്ടില്‍ സെന്‍കുമാറിനെതിരെ മറ്റൊരു കേസെടുക്കാനും സാധ്യതയുണ്ട്.

മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ മോശമായി പരമാര്‍ശം നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സ്‌ത്രീകൂട്ടായ്മ ഡിജിപിക്ക് പരാതി നല്‍കിയത്. ഇതിലെ വസ്തുതകള്‍ പരിശോധിക്കാനാണ് തിരുവന്തപുരം ഡിസിപിക്ക് കൈമാറിയത്. സെന്‍കുമാറില്‍ നിന്നും അഭിമുഖം നടത്തിയ വാരികയിലെ ലേഖകന്‍ റംഷാദില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. സെന്‍കുമാറിന്‍റെ വീട്ടിനുള്ളില്‍ വച്ചാണ് അഭിമുഖം നടന്നിരിക്കുന്നത്. അഭിമുഖം റെക്കോര്‍ഡ് ചെയ്യാന്‍ അനുമതി ചോദിച്ചുവെന്നാണ് ലേഖകന്‍റെ മൊഴി. അഭിമുഖത്തിനിടെ വന്ന ഒരു ഫോണ്‍ വിളിയിലാണ് പരാമര്‍ശങ്ങളുള്ളത്. അതില്‍ ആരുടെയും പേര് പറയുന്നില്ല. സ്വകാര്യ സംഭാഷണം അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്തുവെന്നാണ് സെന്‍കുമാറിന്റെ മൊഴി. സ്വകാര്യ സംഭാഷണം അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ റെക്കോര്‍ഡിംഗാണ് പുറത്തുപോയിരിക്കുന്നത്. കേസെടുക്കണോ വേണ്ടയോ എന്ന കാര്യം ശുപാര്‍ശ ഡിസിപിയുടെ റിപ്പോര്‍ട്ടില്‍ ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ ഡിജിപി തീരുമാനമെടുക്കും. അവധിക്കായി തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന വിജിലന്‍സിന്റെ ശുപാര്‍ശയില്‍ പൊലീസ് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ ഡിജിപിക്ക് നിയമോപദേശം ലഭിച്ചുവെന്നാണ് അറിയുന്നത്.