തിരുവനന്തപുരം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന അഭിമുഖം നല്‍കിയതിന് മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പ്രധാന തെളിവായ സിഡിയുടെയും ഫൊണിന്റെയും ഫൊറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത ഫോണില്‍ നിന്നും ഓഡിയോ വീണ്ടെടുക്കാനായിട്ടില്ലെന്നും സിജെഎം കോടതിയില്‍ നല്‍കിയ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഒരു മതവിഭാഗത്തിനെ കുറിച്ച് സെന്‍കുമാര്‍പറഞ്ഞതായി വന്ന കാര്യങ്ങളാണ് വിവാദമായത്. മതവികാരം വളര്‍ത്തുന്ന അഭിമുഖമാണെന്ന പരാതിയില്‍ ക്രൈംബ്രാഞ്ചിന് കീഴിലെ സൈബര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെതിരെ കേസെടുത്തിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി അഭിമുഖം റിക്കോര്‍ഡ് ചെയ്ത ഫോണും, സംഭാഷണം പകര്‍ത്തിയ സിഡിയും ലേഖകന്‍ കൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. ഈ ഫോണും സിഡിയും പരിശോധിച്ചാണ് ഫൊറന്‍സിത് വിഭാഗം റിപ്പോര്‍ട്ട് സിജെഎം കോടതിയില്‍ നല്‍കിയത്. ഫോണില്‍ റിക്കോര്‍ഡ് ചെയ്ത സംഭാഷണം മായ്ച്ചുകളഞ്ഞുവെന്നായിരുന്നു ലേഖകന്റെ മൊഴി. ഫൊറന്‍സിക് പരിശോധനയിവും ഫോണില്‍ നിന്നും സംഭാഷണം വീണ്ടെടുക്കാനായില്ല. 

സിഡിയിലെ സംഭാഷണം മറ്റൊരു ഫോര്‍മാറ്റിലുള്ളതാണ്. ഫോണില്‍ നിന്നും കമ്പ്യൂട്ടറിലേക്ക് പകര്‍ത്തിയശേഷം സിഡയിലേക്ക് മാറ്റിയപ്പോള്‍ കൃത്രിമം നടന്നതായാണെന്ന് സംശയം. ഫൊറന്‍സിക് ഫലം പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് നീങ്ങാനിരിക്കെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ലേഖകന്‍ ചോദിച്ചതിന് ചില വസ്തുകള്‍ ചൂണ്ടികാട്ടി മറുപടി നല്‍കുകയായിരുന്നുവെന്നാണ് സെന്‍കുമാറിന്റെ മൊഴി. അതേസമയം സംഭാഷണം മായ്ച്ചുകളഞ്ഞുവെന്ന ലേഖകന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുന്നത് തന്നെ നിയമപരായ ശരിയല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്രകശിപ്പ് ഡിജിപിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.