തിരുവനന്തപുരം: വിവാദ അഭിമുഖത്തിൽ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം . ഹൈക്കോടതിയാണ് സെന്‍കുമാറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. സെന്‍കുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ പോലീസ് കേസ് എടുത്തിരുന്നു.

വാരികയ്‌ക്ക് അഭിമുഖം നല്‍കിയപ്പോള്‍ മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയില്ലെന്ന് സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ലേഖകനുമായി സൗഹൃദ സംഭാഷണമാണ് നടത്തിയത്. അഭിമുഖം നല്‍കിയിട്ടില്ല. അഭിമുഖം റെക്കോര്‍ഡ്‌ ചെയ്യാനും അനുമതി നല്‍കിയിരുന്നില്ലെന്നും സെന്‍ കുമാര്‍ വാദിച്ചു.

സൗഹൃദ സംഭാഷണത്തില്‍ ഐഎസ്, മാവോയിസ്റ്റ്, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പങ്കുവയ്‌ക്കുക മാത്രമാണ് ചെയ്തത്. ഉത്തരവാദിത്തമുഉള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഈ ഗ്രൂപ്പുകള്‍ക്കെതിരെ തുടക്കത്തില തന്നെ നടപടി സ്വീകരിക്കണമെന്നാണ് തന്റെ നിലപാടെന്നും സെന്‍കുമാര്‍ അപേക്ഷയില്‍ വ്യക്തമാക്കി.

വാര്‍ഷികസ്ഥിതിവിവര കണക്കിനെ അടിസ്ഥാനമാക്കിയാണ് സംസാരിച്ചതെന്നും ഇത് കണക്കിലെടുക്കാതെയാണ് കേസ് എടുത്തതെന്നും സെന്‍കുമാര്‍ അപേക്ഷയില്‍ പറയുന്നു.സര്‍വീസിലിരിക്കെ ഉന്നത ഉദ്യോഗസ്ഥരുമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അപകര്‍ത്തിപ്പെടുത്താനാണ് കേസ് എടുത്തതെന്നും സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെന്‍ കുമാറിനെ ഇന്ന് ക്രൈംബ്രാഞ്ചു ചോദ്യം ചെയ്‍തിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് ഷബീറാണ് മുന്‍ ഡി.ജി.പിയെ ചോദ്യം ചെയ്തത്. പരാമര്‍ശത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സെന്‍കുമാറിനെ കേസെടുത്തത്. സെന്‍കുമാറിന് ഉപാധികളോടെ ഇടക്കാല ജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു . അറസ്റ്റ് ചെയ്താലുടൻ ജാമ്യം നല്‍കണമെന്നാണ് കോടതി നിര്‍ദേശം . അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസുണ്ട്.