ദില്ലി: കശ്‍മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് സര്‍വ്വകക്ഷിയോഗം.രാഷ്‌ട്രീയ പ്രക്രിയയിലൂടെ മാത്രമേ പ്രശ്നപരിഹാരമുണ്ടാകുവെന്നും സര്‍വ്വകക്ഷിയോഗം ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജമ്മു കശ്‍മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞെത്തിയ സര്‍വ്വകക്ഷിസംഘത്തിന്റെ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുറിവുണക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിക്കണമെന്ന് വിവിധകക്ഷിനേതാക്കള്‍ ആവശ്യപ്പെട്ടു. ഹുറിയത്ത് നേതാക്കള്‍ക്ക് നല്‍കിരിക്കുന്ന സൗകര്യങ്ങള്‍ ഒഴിവാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരത്തിലൊരു നീക്കവുമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യോഗത്തെ അറിയിച്ചു. സമാധാനം പുനസ്ഥാപിക്കുന്നതിന് രാഷ്‌ട്രീയ പ്രക്രിയവേണമെന്ന് തുടര്‍ന്ന സര്‍വ്വകക്ഷിയോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന് ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇടപടെണമെന്നാണ് ആര്‍എസപിയുടെ നിര്‍ദ്ദേശംകുട്ടികള്‍ പൊലും ആസാദി എന്ന് മുദ്രാവാക്യം മുഴക്കുകയാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍‍ട്ട് എന്‍ കെ പ്രമേചന്ദ്രന്‍ യോഗത്തില്‍ ഉന്നയിച്ചു. എല്ലാവരുമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെടുമ്പോഴും വിഘടനവാദികളുമായി പെട്ടെന്ന് ചര്‍ച്ച നടത്താനുള്ള സാധ്യതയില്ല. ഇതിനിടെ ഹന്ദവാരയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.