തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ്  പുറത്തിറക്കിയത്. വിലക്കിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ക്യാമ്പസിലെ ഒരു സ്ഥലത്തും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

ചെന്നൈ: തമിഴ്‌നാട്ടിലെ ക്യാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് പുറത്തിറക്കിയത്. വിലക്കിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. ക്യാമ്പസിലെ ഒരു സ്ഥലത്തും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

സര്‍ക്കാര്‍ കോളേജുകല്‍ക്കൊപ്പം എയ്ഡഡ് ,സ്വാശ്രയ കോളേജുകള്‍ക്കും നിരോധനം ബാധകമാണ്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധനം.ഫോണ്‍ ഉപയോഗിച്ച് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നുവെന്ന പരാതി നിരവധിയാണെന്ന് ചെന്നൈയിലെ ഒരു പ്രൈവറ്റ് കോളേജ് പ്രന്‍സിപ്പാള്‍ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും അവര്‍ കൂട്ടി ചേര്‍ത്തു.

പരീക്ഷ സമയങ്ങളിൽ കോപ്പിയടിക്കും മറ്റ് തട്ടിപ്പുകള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ക്യാമ്പസില്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ചെന്നൈയിലുള്ള എല്ലാ കോളേജുകളിലും സര്‍ക്കുലറിന്‍റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ട്. അണ്ണാ സർവകലാശാലയിലും ഇത്തരത്തിൽ ക്യാമ്പസിൽ മൊബൈൽ ഉപയോഗം വിലക്കിയിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ എതിർപ്പിനെ തുടർന്ന് നിരോധനം ക്ലാസ് മുറിയിൽ മാത്രമാക്കാൻ തീരുമാനിക്കുകയായിരുന്നു.