ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലുള്ള വിദഗ്ധഡോക്ടറായ ജോൺ റിച്ചാർഡ് ബെയ്‍ലാണ് ജയലളിതയെ ആശുപത്രിയിലെത്തി പരിശോധിച്ചത്. ക്രിട്ടിക്കൽ കെയർ, അഥവാ തീവ്രപരിചരണം, അനസ്തീഷ്യ എന്നിവയിൽ വൈദഗ്ധ്യം നേടിയ ഡോക്ടറാണ് ഇദ്ദേഹം. രണ്ട് ദിവസം കൂടി ജയലളിതയുടെ ചികിത്സയ്ക്ക് മേൽനോട്ടം നൽകുന്നതിനായി ഡോക്ടർ ബെയ്ൽ ചെന്നൈയിലുണ്ടാകും എന്നാണ് സൂചന. 

അതിനിടയില്‍ ഗാന്ധിജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ വൈകിട്ട് ചെന്നൈയിലെത്തുന്ന ഗവ‌ർണർ സി വിദ്യാസാഗർ റാവു ജയലളിതയെ സന്ദർശിച്ചു. എന്നാല്‍ ജയയയെ ഗവര്‍ണര്‍ നേരിട്ട് സന്ദര്‍ശിച്ചോ എന്ന് വ്യക്തമല്ല, പക്ഷെ പിന്നീട് ഇറക്കിയ പത്ര കുറിപ്പില്‍ ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണ്ണര്‍ അറിയിച്ചു. അതിനിടെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കനത്ത സുരക്ഷയാണ് ചെന്നൈ അപ്പോളോ ആശുപത്രി പരിസരത്ത് ഒരുക്കിയിരിയ്ക്കുന്നത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു പത്രക്കുറിപ്പ് പോലും ആശുപത്രി അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഡോക്ടർ ബെയ്‍ലിന്‍റെ ചികിത്സ മികച്ച രീതിയിൽ പുരോഗമിയ്ക്കുകയാണെന്നും ജയലളിതയുടെ ഫോട്ടോ പുറത്തുവിടേണ്ട കാര്യമില്ലെന്നും എഐഎഡിഎംകെ വ്യക്തമാക്കി.