സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചുപൂട്ടാൻ നിർദേശം സർക്കാർ ഉത്തരവിറങ്ങി

തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാൻറ് സ്ഥിരമായി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. പദ്ധതിയോടുള്ള ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്താണ് പ്ലാൻറ് അടച്ചുപൂട്ടാൻ നിർദേശിക്കുന്നതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ഉപമുഖ്യമന്ത്രി ഒ പനീർശെല്‍വം തൂത്തുക്കുടിയില്‍ നിന്നും തിരിച്ചെത്തിയതിന് പിന്നാലെയാണ് ഉത്തരവ് വന്നിരിക്കുന്നത്

സ്റ്റെർലൈറ്റ് പ്ലാൻറ് സ്ഥിരമായി അടച്ചുപൂട്ടാനുള്ള ഉത്തരവിന്‍റെ വിശദാംശങ്ങളിങ്ങനെ...വേദാന്ത ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള ചെമ്പ് സംസ്കരണപ്ലാൻറ് പരിസ്ഥിതിമലീനകരണചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാൻ ഉത്തരവിടുന്നത്. പ്ലാൻറിന്‍റെ പ്രവർത്തനലൈസൻസ് പുതുക്കേണ്ടതില്ലെന്ന് ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. മെയ് 24 ന് വൈദ്യുതി വിച്ഛേദിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. പദ്ധതിയോടുള്ള ജനങ്ങളുടെ എതിർപ്പ് പരിഗണിച്ചുകൊണ്ട് പ്ലാൻറ് ശാശ്വതമായി അടച്ചുപൂട്ടാൻ നിർദേശിക്കുകയാണ്. സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതോടെ തൂത്തുക്കുടിനിവാസികളുടെ വർഷങ്ങള്‍ നീണ്ട സമരമാണ് വിജയത്തിലെത്തിയിരിക്കുന്നത്.

2013 ല്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ പ്ലാൻറ് അടച്ചുപൂട്ടാൻ വ്യവസായവകുപ്പ് നിർദേശിച്ചെങ്കിലും വേദാന്ത സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പ്രവർത്തനം തുടങ്ങുക ആയിരുന്നു...തുടർന്ന് സ്റ്റെർലൈറ്റ് പ്ലാൻറ് രണ്ടാം ഘട്ടവികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങിയപ്പോഴാണ് ഈ വർഷം പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തിയാർജ്ജിച്ചത്. രണ്ടാംഘട്ടപ്രക്ഷോഭത്തിന്‍റെ നൂറാം ദിനമായിരുന്നു 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെയ്പ്പ്. പ്ലാൻറ് സ്ഥിരമായി അടച്ചുപൂട്ടാതെ മൃതദേഹങ്ങള്‍ സ്വീകരിക്കില്ലെന്ന് മരിച്ചവരുടെ ബന്ധുക്കളും ശക്തമായ നിലപാടെടുത്തു.

സംസ്ഥാനത്ത് ഉയർന്ന അതിശക്തമായ പൊതുജനവികാരം ഒന്നുകൊണ്ട് മാത്രമാണ് സർക്കാർ ഇപ്പോള്‍ ഈ ഉത്തരവ് ഇറക്കിയിട്ടുള്ളത്.അതേസമയം തൂത്തുക്കുടിയില്‍ വെടിവെയ്പ്പിന് നിർദേശം നല്‍കിയത് ഡെപ്യൂട്ടിതഹസീല്‍ദാറും സ്പെഷ്യല്‍ തഹസീല്‍ദാറുമാണെന്ന വിവരവും പുറത്തുവന്നു...പ്രതിഷേധം നിയന്ത്രിക്കാനാവാത്ത തരത്തിലുള്ള അക്രമത്തിലേക്ക് വഴിമാറിയിപ്പോഴാണ് വെടിവെക്കാൻനിർദേശിച്ചതെന്നാണ് വിശദീകരണം