വാർത്താസമ്മേളനം അവസാനിപ്പിച്ച് ഗവർണർ പോകാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം.
ചെന്നൈ: വാർത്ത സമ്മേളനത്തിനിടെ ചോദ്യം ചോദിച്ച വനിതാ മാധ്യമ പ്രവർത്തകയുടെ കവിളിൽ തമിഴ്‍നാട് ഗവർണർ ബാൻവരിലാൽ പുരോഹിത് തട്ടിയത് വിവാദമാകുന്നു. 'ദ വീക്കിന്റെ' റിപ്പോർട്ടർ ലക്ഷ്മി സുബ്രമണ്യത്തോടാണ് ഗവർണർ ഇത്തരത്തിൽ പെരുമാറിയത്.
വാർത്താസമ്മേളനം അവസാനിപ്പിച്ച് ഗവർണർ പോകാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. തന്റെ അനുവാദമില്ലാതെയാണ് തന്നോട് ഗവർണർ വാത്സല്യപ്രകടനം നടത്തിയത് ലക്ഷ്മി സുബ്രമണ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഇതോടെ ഗവർണറുടെ നടപടിയെ വിമർശിച്ച് ഡി.എം.കെ നേതാക്കളായ എം.കെ സ്റ്റാലിൻ, കനിമൊഴി തുടങ്ങിയ നിരവധി പ്രമുഖർ രംഗത്തെത്തി. സംഭവത്തിൽ ഗവർണറോട് പ്രതിഷേധം അറിയിക്കാനാണ് തമിഴ്‌നാട്ടിലെ മാധ്യമ പ്രവർത്തകരുടെയും തീരുമാനം. കുട്ടികളെ അധ്യാപിക അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് പറയാനായിരുന്നു ഗവർണർ വാർത്ത സമ്മേളനം വിളിച്ചത്. അതേസമയം രാജ്ഭവനിൽ ഗവർണർ ഇക്കാര്യത്തിൽ വാർത്താസമ്മേളനം വിളിച്ചത് ചട്ട വിരുദ്ധമാണെന്ന് ഡി.എം.കെ ആരോപിക്കുന്നുണ്ട്.
