ചെന്നൈ: തമിഴ്‌നാട് വരള്‍ച്ചയില്‍ ഉരുകുമ്പോള്‍ ഡാമുകളില്‍ നിലവിലുള്ള ജലമെങ്കിലും സംരക്ഷിക്കാന്‍ തമിഴ്‌നാട് മന്ത്രി നടപ്പാക്കിയ തന്ത്രം തിരിച്ചടിച്ചു.വൈഗ ഡാമിലെ വെള്ളം വേനലില്‍ ആവിയായി പോവാതിരിക്കാനായി പത്തുലക്ഷം രൂപ മുടക്കി തെര്‍മോകോള്‍ ഷീറ്റുകള്‍ വിരിച്ച തമിഴ്‌നാടു സഹകരണ മന്ത്രി സെല്ലൂര്‍ രാജയ്ക്കാണ് ഒടുവില്‍ എട്ടിന്റെ പണി കിട്ടിയത്.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണ് മന്ത്രിക്ക് ഇത്തരമൊരു ഐഡിയ പറഞ്ഞുകൊടുത്തത്. കേട്ടപാടെ മന്ത്രി അനുമതിയും കൊടുത്തു. അങ്ങനെ 10 ലക്ഷം രൂപയ്ക്ക് തെര്‍മോകോള്‍ ഷീറ്റുകള്‍ വാങ്ങി സെല്ലോ ടേപ്പുപയോഗിച്ച് കൂട്ടിയോജിപ്പിച്ച് ഡാമില്‍ വിരിച്ചു. എങ്ങനെയുണ്ടെന്റെ ബുദ്ധി എന്ന് അല്‍പം അഹങ്കാരത്തോടെ നില്‍ക്കുമ്പോഴാണ് കാറ്റ് വില്ലനായി എത്തിയത്.

ശക്തമായ കാറ്റില്‍ ഡാമില്‍ വിരിച്ച തെര്‍മോകോളില്‍ പകുതിയും കരയില്‍ വന്നടിഞ്ഞു. കുറേ തെര്‍മോകോള്‍ കീറിയും മറ്റും ഡാം മലിനമാവുകയും ചെയ്തു. കാറ്റ് മാത്രമായിരുന്നില്ല പ്രശ്നം. ഡാമിലെ ജലനിരപ്പിലെ വ്യതിയാനവും വില്ലനായെന്നാണ് സൂചന. തമിഴ്‌നാട്ടിലെ ആറ് ജില്ലകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വൈഗ ഡാമില്‍ നിന്നാണ്.

ചെറിയ കുളങ്ങളിലും തടാകങ്ങളിലും ഇത്തരത്തില്‍ തെര്‍മോകോള്‍ വിരിച്ചാല്‍ ജലം ആവിയായി പോകില്ല എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ വലിയ ജലസംഭരണികളിള്‍ ഇത് ഫലം ചെയ്യില്ല. മന്ത്രിയുടെ ഒപ്പം ഉദ്യോഗസ്ഥരും തെര്‍മോകോള്‍ യഞ്ജത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രി തന്നെ വെള്ളത്തില്‍ ഇറങ്ങി തെര്‍മോകോള്‍ വിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഒരു സോഴ്സില്‍ നിന്നാണ് ഈ ആശയം ലഭിച്ചതെന്നും വിദേശരാജ്യങ്ങളില്‍ ഇത് പലയിടത്തും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്തായാലും തെര്‍മോകോള്‍ പരീക്ഷണം പരാജയപ്പെട്ടാലും വെള്ളം സംരക്ഷിക്കാന്‍ പുതിയ ആശയവുമായി ഉടന്‍ രംഗത്തുവരുമെന്നും മന്ത്രി പറഞ്ഞു.

Scroll to load tweet…