മോദിയ്ക്ക് നേരെ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരെ കറുത്ത ബലൂണുകള്‍ പറത്തി പ്രതിഷേധം. ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ശക്തമായതതോടെ യാത്ര ഹെലികോപ്റ്ററിലാക്കിയ മോധിയ്ക്ക് നേരെ പ്രതിഷേധകര്‍ കറുത്ത ബലൂണുകള്‍ പറത്തുകയായിരുന്നു. കറുത്ത ബലൂണുകളില്‍ കറുത്ത തുണികള്‍ കൂടി കെട്ടിയാണ് ഇത് ആകാശത്തേക്ക് പറത്തി വിട്ടത്. 

ഡിഎംകെയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിഎംകെ നേതാവ് കരുണനിധിയുടെ വീടിനു മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തിയിരുന്നു. റോഡിലും ആകാശത്തും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും മോദിയ്ക്കെതിരായ ക്യാംപയിനുകള്‍ നടക്കുകയാണ്. 'ഗോബാക്ക് മോദി' എന്ന ഹാഷ്‍ടാഗ് ട്വിറ്ററില്‍ ട്രെന്‍റാണ്. 365000 ട്വീറ്റുകളാണ് ഈ ഹാഷ്‍ടാഗില്‍ ഇതുവരെ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ചെന്നൈയിലെ വിവിധയിടങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡിഫന്‍സ് എസ്പോയുടെ ഉദ്ഘാടനം, തമിഴ്നാട് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വജ്രജൂബിലി ആഘോഷം എന്നീ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്. 

ഇരു പരിപാടികളിലേക്കും വ്യോമ മാര്‍ഗമാണ് മോദി എത്തുക. അതേസമയം തന്നെ പ്രതിഷേധ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് റോഡ് ബ്ലോക്ക് ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മോദിക്കെതിര വിമാനത്താവള പരിസരത്തും വ്യാപക പ്രതിഷേധമാണ് നടന്നത്. കരിങ്കൊടിയുമായി പ്രതിഷേധിച്ച സംവിധായകരായ ഭാരതിരാജാ, അമീർ തുടങ്ങിയവരെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി കാണിച്ചും കറുത്ത ബലൂണുകൾ പറത്തിയും പ്രതിഷേധം.