ജയലളിതയിൽ നിന്ന് അമ്മയിലേക്കുള്ള യാത്രയുടെ തുടക്കം ഒരു വീഴ്ചയിൽ നിന്നാണ്. തമിഴ്നാടിന്റെ ആശയും ആവേശവുമായിരുന്ന എംജിആർ 1987 ഡിസംബറിൽ മരണത്തിന് കീഴടങ്ങിയപ്പോഴായിരുന്നു ആ വീഴ്ച. അദ്ദേഹത്തിന്റെ മൃതദേഹവുമായി പോകുകയായിരുന്ന വാഹനത്തിൽ മാധ്യമശ്രദ്ധയും ജനശ്രദ്ധയും നേടി സ്ഥാനമുറപ്പിച്ചിരുന്ന ജയയെ മറുപക്ഷം തള്ളി മാറ്റിയതാണ്. എന്നാൽ ആ വിഴ്ച ആയുധമാക്കി ജയലളിത ഉയരുന്ന കാഴ്ചയാണ് തമിഴ് ജനത പിന്നീട് കണ്ടത്.
എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ എഐഎഡിഎംകെയിൽ അദ്ദേഹത്തിന്റെ പിൻഗാമിയാക്കാനുള്ള ശ്രമങ്ങളെയെല്ലാം തകർത്ത് ജയ മുന്നേറി. ജയലളിതയുടെ പിന്നീടുള്ള രാഷ്ട്രീയ ജിവിതം വീഴ്ചയിൽ നിന്ന് ആവർത്തിച്ചുള്ള തിരിച്ചുവരവുകളായിരുന്നു. പിൻഗാമി തർക്കത്തിന്റെ ഉൾപ്പോരുകളിൽ 1989 നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പരാജയപ്പെട്ടു. പക്ഷെ എതിരാളികളെയൊക്കെ ഒതുക്കി ജയലളിത പ്രതിപക്ഷ നേതാവായി. 91 ൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ അവർ ഏകാധിപത്യപരമായ ഭരണമാണ് കാഴ്ചവച്ചത്. വലിയ വിമർശനങ്ങളും അഴിമതി ആരോപണങ്ങളും 96ലെ തോൽവിക്ക് കാരണമായി. തോൽവിക്ക് പിന്നാലെ അഴിമതി കേസിൽ കരുണാനിധി ജയയെ 27 ദിവസം ജയിലിലുമാക്കി.
പകരം വീട്ടാൻ 2001ലെ തെരഞ്ഞെടുപ്പ്‍വരെ ജയലളിത കാത്തിരുന്നെങ്കിലും നാമനിർദ്ദേശപത്രിക തളളിയതുകാരണം മത്സരിക്കാനായില്ല. എഐഎഡിഎംകെ ജയിച്ചതോടെ എംഎൽഎ അല്ലാതിരുന്നിട്ടും അവർ മുഖ്യമന്ത്രിയായി. കരുണാനിധിയെയും രണ്ട് കേന്ദ്രമന്ത്രിമാരെയും അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടുകയാണ് അന്ന് ജയലളിത ചെയ്തത്. സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേര ഉപേക്ഷിക്കേണ്ടി വന്നു.
2002ൽ തിരിച്ചുവരികയും ചെയ്തു. 2011ൽ ജയിച്ച് മുഖ്യമന്ത്രിയായ ജയലളിത അനധികൃ സ്വത്ത് സമ്പാദനകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നതും പിന്നീട് രാജ്യം കണ്ടു. വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതോടെ വീണ്ടും അധികാരത്തിലേക്ക്. കയറ്റത്തിന് പിന്നാലെ ഇറക്കവും ഇറക്കത്തിന് പിന്നാലെയുള്ള വൻകയറ്റവുമാണ് ജയലളിതയുടെ രാഷ്ട്രീയ ജീവിതം. ഏകാധിപത്യപരമായ ഭരണം, വിമർശനങ്ങളെയും എതിരാളികളെയും അടിച്ചമർത്തൽ, മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് ,ഇതൊക്കെയാണ് ജയലളിതയുടെ രീതി. പക്ഷെ സ്വയം മാറാൻ എന്നും അവർ ശ്രമിച്ചു.
1991-96 കാലത്തെ ജയ ആയിരുന്നില്ല 2010 -2016 കാലത്തെ ജയലളിത. അഴിമതിക്കാരിയെന്ന പേരിൽ നിന്ന് അവർ അമ്മയിലേക്ക് പരിവർത്തനം നടത്തി. അതിന് അമ്മ കുടിനീരും , അമ്മ ഇഡ്ഡലിയും പോലുള്ള പദ്ധതികൾ സഹായമായി. ഇന്ന് തമിഴ്നാട്ടിൽ ഒരു രൂപയ്ക്ക് പ്രഭാതഭക്ഷണവും രണ്ട് രൂപയ്ക്ക് ഉച്ചഭക്ഷണവും കിട്ടുന്നത് അവരുടെ ഭരണനേട്ടമാണ് . രണ്ടര പതിറ്റാണ്ടായി ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒരറ്റത്ത് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഈ സ്ത്രീയുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തയായ സ്ത്രികളിൽ ഒരാളായ ജയലളിത മടങ്ങുമ്പോൾ, പുതിയ ഉദയങ്ങൾ കാണാൻ തമിഴ്നാട്ടിലേക്ക് ഇന്ത്യൻ രാഷ്ട്രീയം കണ്ണ് മിഴിക്കുകയാണ്.
ഇന്ന് ജയലളിത തമിഴകത്തിന് സർവാദരണീയായ അമ്മയാണ്. ചരിത്രം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നു, പെട്ടെന്നൊരു ദിവസം തമിഴകത്തെ അനാഥമാക്കി എംജിആർ കടന്നുപോയതുപോലെ അമ്മയും യാത്രയായി. അന്നു ചോദിച്ച അതേ ചോദ്യം തമിഴകം ആവർത്തിക്കുന്നു. സൊല്ലാമെ പോയിട്ടാളോ, ഇനി നാങ്കള്ക്ക് യാർ?
