ചെന്നൈ: കാവേരി നദീജലപ്രശ്‌നത്തില്‍ കര്‍ണാടകത്തിന്റെയും സുപ്രീംകോടതിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ച് വിവിധ വ്യാപാര സംഘടനകളും കര്‍ഷകസംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത തമിഴ് നാട് നാളെ നടക്കും. തമിഴ്‌നാട്ടില്‍ കടകളെല്ലാം നാളെ അടഞ്ഞുകിടക്കും. കര്‍ണാടകത്തില്‍ ലോറികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് ലോറി സംഘടനകളും ബന്ദില്‍ പങ്കെടുക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്ക് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചേക്കും.
കാവേരീനദീജലം പങ്കിടുന്നതിനെച്ചൊല്ലിയുള്ള കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടിലെ കര്‍ഷക, വ്യാപാരസംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. കര്‍ണാടകത്തില്‍ ലോറികളും ബസ്സുകളും കത്തിച്ചതില്‍ പ്രതിഷേധിച്ച് ലോറിയുടമകളുടെ സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കു നീക്കം ഒരു ദിവസത്തേയ്ക്ക് പൂര്‍ണമായും സ്തംഭിച്ചേയ്ക്കും.
കാവേരിപ്രശ്‌നത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് നേരെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അക്രമം അഴിച്ചുവിടുകയാണെന്നാരോപിച്ച് തമിഴ്‌സംഘടനകളും സംയുക്തമായി രംഗത്തെത്തി. കാവേരിയില്‍ നിന്ന് പതിനയ്യായിരം ക്യുസക്‌സ് അടി വെള്ളം അനുവദിച്ച സുപ്രീംകോടതി ഇത് പിന്നീട് പന്ത്രണ്ടായിരം ക്യുസക്‌സ് അടിയാക്കി കുറച്ചത് തിരിച്ചടിയാണെന്നും തമിഴ്‌സംഘടനകള്‍ പറയുന്നു. ഡിഎംകെ ഉള്‍പ്പടെയുള്ള വിവിധ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ തമിഴര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളിലും കാവേരിയില്‍ നിന്ന് തമിഴ്‌നാടിന് നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചതിലും പ്രതിഷേധമുയര്‍ത്താന്‍ ബന്ദിന് പിന്തുണ നല്‍കണമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധി ആവശ്യപ്പെട്ടു. നാളെ മുതല്‍ ഡിഎംഡികെയുടെ ചെന്നൈ ആസ്ഥാനത്ത് പാര്‍ട്ടി അദ്ധ്യക്ഷന്‍ വിജയകാന്ത് നിരാഹാരസമരം നടത്തും. വിസികെ അദ്ധ്യക്ഷന്‍ തോല്‍. തിരുമാവലന്‍ റെയില്‍ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.
